പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 4 ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 4 ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഞാറയ്ക്കല്‍ സ്വദേശി ബിജു ഫ്രാന്‍സിസിന് കോടതി ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. ഇരയായ പതിനൊന്നുകാരിയും ഞാറയ്ക്കല്‍ സ്വദേശിയാണ്.
ഒരു കേസില്‍ 4 ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് അത്യപൂര്‍വമാണ്. ജീവപര്യന്തം എന്നത് ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കണം എന്നാണെന്ന് കോടതി വിശദീകരിച്ചു. 2018 ല്‍ ആണ് പ്രതി 11 വയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ അറസ്റ്റിലായി വിചാരണ തടവുകാരനായിരിക്കെ, ജയിലിലേക്ക് കഞ്ചാവ് ഓയില്‍ കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.
പെണ്‍കുട്ടിയെ 2018 ആഗസ്റ്റ് മാസം മുതല്‍ 2019 ജനുവരി മാസം വരെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കുറ്റമാണ് പ്രaതിക്കെതിരെ തെളിഞ്ഞത്. പെണ്‍കുട്ടി കാര്യങ്ങള്‍ പുറത്തറിയിച്ചതോടെയാണ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ നിയമം എന്നിവയിലെ പത്തോളം വകുപ്പിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിക്ക് അര്‍ഹമായ പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുകളില്‍ കേരളം കണ്ട ഏറ്റവും വലിയ ശിക്ഷാവിധി ആണിത്.
https://www.facebook.com/Malayalivartha



























