പിണറായിക്ക് ആപ്പടിച്ച് മെട്രോമാന്റെ പൂഴിക്കടകൻ.... ഞെട്ടിച്ച് കേന്ദ്ര പദ്ധതി... സർപ്രൈസിൽ ഞെട്ടി സിപിഎം

കെ-റെയിലിന് ബദലായി അതിവേഗ റെയിൽ പദ്ധതിക്കുള്ള നിർദേശം സംസ്ഥാന സർക്കാരിനു മുന്നിൽ. പരിസ്ഥിതി ആഘാതമുണ്ടാക്കാത്തതും വൻതോതിൽ ഭൂമിയേറ്റെടുക്കൽ ആവശ്യമില്ലാത്തതുമായ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ഡി.എം.ആർ.സി. മുൻമേധാവി ഇ. ശ്രീധരനാണ് തയ്യാറാക്കിയത്. ഭൂഗർഭ തുരങ്കപാതയായോ, ഭൂമിക്കുമുകളിൽ തൂണിൽ ഉയർത്തിനിർത്തിയ (എലവേറ്റഡ്) പാതയായോ രണ്ടുരീതിയും സംയോജിപ്പിച്ച നിലയിലോ നടപ്പാക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതോടെ കെ റെയില്‍ വീണ്ടും ട്രാക്കിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉപദേശം നൽകി.
കെ-റെയിൽ പദ്ധതി പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സാഹചര്യത്തിൽ തുടർനടപടികളെക്കുറിച്ച് ശ്രീധരനും കെ.വി. തോമസും നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതി നിർദേശം ഉയർന്നത്. ഇതനുസരിച്ച് ശ്രീധരൻ റിപ്പോർട്ട് തയ്യാറാക്കി. കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ മെട്രോമാന്‍ ഇ. ശ്രീധരന്റെ സഹായം തേടിയെങ്കിലും പദ്ധതി പ്രഖ്യാപിത രീതിയില്‍ നടപ്പാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
പദ്ധതിയിൽ ആദ്യം സഹകരിക്കാമെന്നു ശ്രീധരന്‍ ഏറ്റെങ്കിലും അദ്ദേഹത്തിന്റെ മനസിലുള്ളതു സില്‍വര്‍ ലൈനല്ല, മറിച്ച് കേന്ദ്ര-സംസ്ഥാന പങ്കാളിത്തോടെ ഭാവിയില്‍ അതിവേഗ റെയില്‍ പാതയായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഒരു പദ്ധതിയാണ്.
സില്‍വര്‍ ലൈനിനായി വന്‍തുക വിദേശ വായ്പയെടുക്കുന്നതിനോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ കെ റെയിലിനു പങ്കാളിത്തമുണ്ടാകില്ല. പകരം റെയില്‍ വേയോ ഡി.എം.ആര്‍.സിയോ പദ്ധതി നടപ്പാക്കും. 60% പണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വഹിക്കേണ്ടി വരും. ബാക്കിത്തുക വേണമെങ്കിൽ വായ്പയാകാം. ഭൂമി ഏറ്റെടുക്കല്‍ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരും എന്ന് സാരം.
ഒരുലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെ-റെയിൽ പദ്ധതിക്ക് കണക്കാക്കിയ തുകയുടെ പത്തുശതമാനത്തോളം അധികമാണിത്. എന്നാൽ, കേരളത്തിന് അനുയോജ്യവും പ്രായോഗികവുമായ പദ്ധതിയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞദിവസം കൈമാറി.
സംസ്ഥാന സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ കൊണ്ട് തയാറാക്കിച്ച വിശദ പദ്ധതിരേഖ (ഡി.പി.ആര്‍) ഉടച്ചു വാര്‍ക്കേണ്ടി വരും. തിട്ടയിലൂടെയുള്ള പാത നിര്‍മാണം ഒഴിവാക്കി, ഭൂഗര്‍ഭ പാതയോ ആകാശ പാതയോ രണ്ടും കൂടിയോ ആണ് ശ്രീധരന്‍ നിലവിൽ നിര്‍ദേശിക്കുന്നത്. സിസ്ട്രയുടെ ഡി.പി.ആര്‍. പരിസ്ഥിതി ആഘാത പഠനവും സാമൂഹികാഘാത പഠനവും ജിയോ ടെക്‌നിക്കല്‍ സര്‍വേയും പൂര്‍ണമായി നടത്താതെ തയാറാക്കിയതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
സിൽവർ ലൈൻ യാഥാർത്ഥ്യമായാൽ കേരളം രണ്ടായി പിളരുമെന്നാണ് ഇ. ശ്രീധരൻ മുമ്പു പറഞ്ഞിരുന്നത്. പദ്ധതി പൂർത്തിയാക്കാൻ 15 വർഷമെങ്കിലും വേണ്ടി വരും, കാൽ ലക്ഷം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 132 കിലോമീറ്റര്‍ പാത വയലിലൂടെയാണ് സിസ്ട്ര നിര്‍ദേശിച്ചത്.
എന്നാല്‍, അത്തരം പാതയില്‍ പരമാവധി വേഗം 80 കി.മീ. മാത്രമാകും ലഭിക്കുക. പ്രതലം താഴാനും സാധ്യതയേറെയാണ്. അത് വലിയ അപകടങ്ങൾ വിളിച്ച് വരുത്തും. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് 2010-ല്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീം മുന്‍കൈയെടുത്താണ് അതിവേഗ പാത പദ്ധതിക്കായി ആദ്യം തന്നെ സമീപിച്ചതെന്നു ഇ. ശ്രീധരന്‍ പറഞ്ഞു.
അന്ന് ഡി.എം.ആര്‍.സി. തയാറാക്കിയ പദ്ധതി ഒഴിവാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ വിദേശ സഹായത്തോടെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇറങ്ങിത്തിരിച്ചത്. പഴയ പദ്ധതിയുടെ ഡി.പി.ആര്‍. സര്‍ക്കാരിന്റെ പക്കലുണ്ട്. അത് പുതിയ പദ്ധതിക്ക് ഉപയോഗിക്കാവുന്നതാണെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. സർക്കാർ തലത്തിൽ മറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ല.
ആദ്യമായിട്ടാണ് കെ റെയിലിൽ തന്റെ ഉപദേശം തേടുന്നത് എന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഇ ശ്രീധരനെ ഒപ്പം കൂട്ടി കെ റെയിൽ ട്രക്കിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ വി തോമസ് ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. മറ്റ് റെയിൽവേ പ്രശ്നങ്ങളും ചർച്ചയായി.
എന്നാൽ സിൽവർ ലൈനിന് ബദലായി ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് നൽകിയ പുതിയ പദ്ധതിയേയും തള്ളി കെ റെയിൽ വിരുദ്ധ സമര സമിതി രംഗത്ത് വന്നു. പദ്ധതിയിലൂടെ വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും തുരങ്കത്തിനായി ഭൂമി കുഴിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാകുമെന്നുമാണ് ആരോപണം. നിലവിലെ റെയിൽ പാത വികസിപ്പിച്ച് യാത്രാ വേഗം വർധിപ്പിക്കണമെന്നാണ് സമിതി പകരം വയ്ക്കുന്ന ആവശ്യം.
അതിവേഗ റെയിൽ പദ്ധതി എന്ന ഇ.ശ്രീധരന്റെ നിർദേശത്തിന് പിന്നാലെയാണ് എതിർപ്പുമായി കെ-റെയിൽ വിരുദ്ധ സമര സമിതി രംഗത്തുവന്നത്. തൂണിനു മുകളിലൂടെ ആകാശപാത നിർമിക്കുകയാണെങ്കിലും പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് സമിതി ചൂണ്ടിക്കാട്ടി. സിൽവർ ലൈനെക്കാളും ചെലവ് കൂടിയ അതിവേഗ പാതയിലൂടെ സംസ്ഥാനം വലിയ കടക്കണിയിലേക്ക് പോകും.
കേരളത്തിന് തുരങ്കപാത അനുയോജ്യമല്ലെന്നും പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുമെന്നും സമിതി ആരോപിച്ചു. റെയിൽ പാത വികസിപ്പിച്ച് യാത്രാ വേഗം വർധിപ്പിക്കണമെന്നാണ് സമിതി പകരം വയ്ക്കുന്ന ആവശ്യം. നിലവിലുള്ള ബ്രോഡ്ഗേജിലൂടെ 110 കിലോമീറ്റർ വേഗത്തിൽ വന്ദേ ഭാരത് ട്രെയിൻ സഞ്ചരിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha



























