ഷംസീറിനെ വേദിയിൽ ഇരുത്തി പറപ്പിച്ചു... തീയായി ജസ്റ്റിസ് കട്ജു... പറ്റില്ലെങ്കിൽ രാജി വയ്ക്കണം! സ്പീക്കറേയും സർക്കാരിനേയും വിറപ്പിച്ചു

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സ്പീക്കർ എ. എൻ. ഷംസീർ പങ്കെടുത്ത വേദിയിലാണ് കട്ജുവിന്റെ വിമർശനം. മലപ്പുറം മണ്ഡലത്തിൽ എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയത്തിളക്കം’ ചടങ്ങിലായിരുന്നു പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണമെന്ന് കട്ജു പറഞ്ഞത്.
സ്പീക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കട്ജു ആയിരുന്നു മുഖ്യാതിഥി. ‘കുട്ടികൾക്കു പഠിക്കാനുള്ള അവസരമൊരുക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ എന്താണു ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം. വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങൾ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു.
വിദ്യാർത്ഥികളുടെ ജീവിതം വച്ച് കളിക്കുന്ന സർക്കാർ, നിലവിലെ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് അദ്ദേഹം പറഞ്ഞു. മലബാറിൽ മാത്രം ഇത്തവണ 2,25,702 കുട്ടികൾ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള സീറ്റുകൾ 2,01,885 മാത്രമാണ്. പ്രവേശന മാനദണ്ഡങ്ങളിലെ പാളിച്ചകൾ മൂലം എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് ലഭിച്ചവർക്കുപോലും ഇഷ്ട സ്ട്രീമിൽ പ്രവേശനം നേടാനാകാത്ത പ്രതിസന്ധി എല്ലായിടത്തുമുണ്ട്.
സീറ്റുക്ഷാമം ഏറ്റവും രൂക്ഷമായ മലപ്പുറം ജില്ലയിൽ 81,022 അപേക്ഷകരിൽ 34,183 പേർക്കേ ഇതുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ളൂ. 46,839 പേർ പുറത്തുനിൽക്കുന്നു. മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ ഉൾപ്പെടെയാണിത്. അലോട്മെന്റിനായി ഇനി ബാക്കിയുള്ളത് 13,438 സംവരണ സീറ്റുകളാണ്.
എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളും ചേർത്താൽ പോലും 12,816 അപേക്ഷകർക്കു നൽകാൻ സീറ്റില്ലെന്ന് ഹയർ സെക്കൻഡറി വിഭാഗം ജില്ലാ വികസന സമിതി യോഗത്തിൽ അവതരിപ്പിച്ച കണക്കിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലീം ലീഗിൻറെ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടതെങ്കിലും പ്രതിഷേധം കടുപ്പിക്കുന്നതിൻറെ ഭാഗമായാണ് മുസ്ലീം ലീഗ് ഉപരോധ സമരത്തിലേക്ക് കടന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ലീഗിൻറെ ആരോപണം.
സർക്കാർ പ്രഖ്യാപനമനുസരിച്ച് എല്ലാ സ്‌കൂളുകളിലും 30 ശതമാനം സീറ്റ് വർദ്ധനവ് നടപ്പാക്കിയാൽ 30,282 സീറ്റുകൾ ആവശ്യത്തിലധികം ഉണ്ടാകുമെന്നാണ് അധികൃതരുടെ വാദം. മറ്റ് സിലബസുകളിൽ പഠിച്ച കുട്ടികളുടെ കാര്യം നോക്കിയാൽ ഈ സീറ്റുകളും മതിയാകാതെ വരും. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്‌മെൻറുകൾ കഴിയുമ്പോഴും പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലെ 43,000ൽ അധികം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ നിൽക്കുകയാണ്.
മലപ്പുറത്ത് മാത്രം 18,000ത്തോളം വിദ്യാർത്ഥികൾക്കാണ് സീറ്റില്ലാത്തത്. കഴിഞ്ഞ പ്ലസ് വൺ പ്രവേശനത്തിന് ശേഷം കുട്ടികൾ കുറവുള്ള 105 ബാച്ചുകൾ സംസ്ഥാനത്തുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി.
എന്നാൽ മലബാറിൽ സീറ്റ് കിട്ടാതെ കുട്ടികൾ പ്രതിസന്ധിയിലായിട്ടും കുട്ടികൾ കുറവുള്ള ബാക്കി 91 ബാച്ചുകൾ പുനർവിന്യസിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. വിജയ ശതമാനം കൂടിയതും ഇഷ്ട വിഷയം പഠിക്കാനുള്ള വിദ്യാർത്ഥികളുടെ അവസരത്തിനൊരു വെല്ലുവിളിയാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ കുട്ടികളുളളത് മലപ്പുറം ജില്ലയിലാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും മറ്റ് കുട്ടികളെ പോലെ തന്നെ ഇഷ്ട വിഷയം ലഭിക്കാത്ത സാഹചര്യവും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.
മലബാറിലെ സീറ്റ് വിഷയത്തിൽ ഇതുവരെ പരിഹാരം കാണാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനം ഈ മാസം 15ന് പൂർത്തിയാകും. ഇതിന് ശേഷം താലൂക്ക് അടിസ്ഥാനത്തിൽ ജില്ലകളിലെ പ്ലസ് വൺ പ്രവേശന സ്ഥിതി വിശദമായി പരിശോധിച്ച് അധിക താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha



























