ഗോവിന്ദന്റെ ആരുമറിയാത്ത പ്രതികാരം....സി.പി.എം തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് സംസ്ഥാന സെക്രട്ടറി ആയിരിക്കും... ലക്ഷ്യം മറ്റൊന്ന്.... ലീഗിനെ അടര്‍ത്തിമാറ്റിയാല്‍ യു.ഡി.എഫ് തകരും...

ഏക സിവില്‍ക്കോഡിനെതിരെ ലീഗിനെ ഒപ്പംകൂട്ടാന്‍ വീണ്ടും ശ്രമിക്കുമെന്ന സി.പി.എം തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദന്‍ മാഷായിരിക്കും. കാരണം അതിന് പിന്നില്‍ അദ്ദേഹം ഏറെ വേദന അനുഭവിച്ചൊരു സംഭവമുണ്ട്. കാലമേറെക്കഴിഞ്ഞ് അതിന്റെ പ്രതികാരം വീട്ടുന്നതില്‍ ഉള്ളുകൊണ്ടദ്ദേഹം ആനന്ദിക്കുന്നുണ്ടാകും. പൊതുവ്യക്തി നിയമത്തിനെതിരായ പോരാട്ടത്തിനാണ് ലീഗിനെ കൂടെ കൂട്ടുന്നതെന്ന് പറയുമ്പോഴും ലക്ഷ്യം മറ്റൊന്നാണെന്ന് തലയില്‍ പിണ്ണാക്കില്ലാത്തവര്‍ക്കെല്ലാം അറിയാം. ലീഗിനെ അടര്‍ത്തിമാറ്റിയാല്‍ യു.ഡി.എഫ് തകരുമെന്നും കോണ്‍ഗ്രസ് പപ്പടം പൊടിയുമെന്നും സി.പി.എം സ്വപ്‌നം കാണുന്നു. ആ സ്വപ്‌നത്തിന് പിന്നിലൊരു പങ്കാളികൂടിയുണ്ട്, കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി അഹോരാത്രം പണിയെടുക്കുന്ന ബി.ജെ.പിയാണത്. ആ സ്വപ്‌നം ഫലിച്ചാല്‍ ആ ജീവനാന്തം കേരളം ഭരിക്കാമെന്ന് സി.പി.എമ്മും സി.പി.എം ഒന്നാമനും നമ്മള്‍ രണ്ടാമനും ആകുമെന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ വചനം നടക്കുമെന്ന് ബി.ജെ.പിയും കരുതുന്നു.
1980കളുടെ മധ്യത്തില്‍ സി.പി.എം മുന്‍ നേതാവായിരുന്ന എം.വി രാഘവന്‍ പാര്‍ട്ടിയിലൊരു ബദല്‍ രേഖ അവതരിപ്പിച്ചു. മുസ്‌ലിം ലീഗിനെ ഇടത് മുന്നണിക്കൊപ്പം കൂട്ടിയില്ലെങ്കില്‍ കയ്യൂരും കരിവെള്ളൂരിലും മാത്രമല്ല പുന്നപ്രയിലും വയലാറിലും പോലും സി.പി.എം വിജയിക്കില്ലെന്ന് അതില്‍ വ്യക്തമാക്കിയിരുന്നത്. ഭൂരിപക്ഷം വരുന്ന ഹൈന്ദവരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയിരുന്ന അന്നത്തെ സി.പി.എം നേതൃത്വം അതിനെ അപ്പാടെ തളളിക്കളഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് സംവാദം നടത്തുന്ന കാലമായിരുന്നു അത്. മുസ്ലിം-ക്രൈസ്തവ കൂട്ടുകെട്ടിനെ വര്‍ഗീയപക്ഷമെന്ന് ആക്ഷേപിച്ച് സി.പി.എം ഭൂരിപക്ഷത്തെ കൂടെക്കൂട്ടി. 1987ല്‍ അവര്‍ അധികാരത്തിലേറി. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയുമായി. അതിനും മുമ്പ് എം. വി രാഘവനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. ബദല്‍രേഖ കാലത്ത് എം.വി ആറിന്റെ നിലപാടിനെ ശക്തമായി പിന്തുണച്ച നേതാവായിരുന്നു എം. ഗോവിന്ദന്‍ മാഷ്. അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വി.എസും പിണറായിയും അടങ്ങുന്ന ചേരി നടപടിയെടുത്തു. കണ്ണൂര്‍ മൊറാഴ ബ്രാഞ്ചിലേക്ക് ഗോവിന്ദന്‍ മാഷെ തരംതാഴ്ത്തി. അവിടെ നിന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായും പി.ബി അംഗമായും അദ്ദേഹം കുതിച്ചുയര്‍ന്നത്. അതിന് പിണറായി വിജയന്റെ സഹായമുണ്ടെന്നത് വേറെ കാര്യം.
എം.വി ആറിനെ പുറത്താക്കിയ ശേഷം സി.പി.എം അദ്ദേഹത്തെ അതിക്രൂരമായാണ് വേട്ടയാടിയത്. അന്നദ്ദേഹത്തെ മന്ത്രിയാക്കി സംരക്ഷിച്ചത് കെ. കരുണാകരനാണ്. രാഷ്ട്രീയ സംരക്ഷണം കൊടുത്തത് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്ന കെ.സുധാകരനാണ്. എം.വി.ആറിനെ പുറത്താക്കിയെങ്കിലും അദ്ദേഹം മുന്നോട്ട് വെച്ച ബദല്‍ രേഖ തമിഴ്‌നാട്ടിലും പിന്നീട് ബംഗാളിലും സി.പി.എം പരീക്ഷിച്ചു. തമിഴ്‌നാട്ടില്‍ വിജയം കണ്ടു. ഇതോടെ സി.പി.എം പരസ്യമായി തെറ്റ് ഏറ്റുപറയണമെന്ന് എം.വി.ആറിന്റെ മകന്‍ എംവി രാജേഷ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു മകനായ എം.വി നികേഷ് കുമാറിനെ അണിനിരത്തിയാണ് സി.പി.എം അതിനെ നേരിട്ടത്.മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള അകലമാണ് വീണ്ടും ബദല്‍രേഖയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചത്. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ തുടര്‍ന്നാണ് മുസ്‌ലിം-ക്രൈസ്തവ മതങ്ങളില്‍ അഭിപ്രായ അനൈക്യം ഉടലെടുത്തത്. അതിനിടെ ക്രൈസ്തവരുടെ ജനസംഖ്യ കുറഞ്ഞു. മുസ്‌ലിം പോപ്പുലേഷന്‍ 30 ശതമാനം എത്തിയതായി പറയുന്നു.
യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ പ്രധാനവകുപ്പുകള്‍ ലീഗ് കയ്യടക്കുന്നതും ക്രൈസ്തവ സഭാ നേതൃത്വങ്ങളെ അതൃപ്തരാക്കി. എം.വി.ആര്‍ പറഞ്ഞത് പോലെ ലീഗ് നിര്‍ണായക ഘടകമായി. അതുകൊണ്ടാണ് ഇ.പി ജയരാജന്‍ ഇടത് മുന്നണി കണ്‍വീനറായതിന് പിന്നാലെ ലീഗിനെ ക്ഷണിച്ചത്. താമസിയാതെ സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനും ലീഗിനെ ഇടത്തോട്ട് ചായ്ക്കാന്‍ നോക്കി. കോണ്‍ഗ്രസിന്റെ പെര്‍ഫോമന്‍സ് അത്ര പോരാത്തത് കൊണ്ട് ലീഗിലെ ചിലര്‍ക്ക് ഇടത്തേക്ക് ചെറിയൊരു ആട്ടംവന്നിരുന്നു. എന്നാല്‍ ആ സമയത്താണ് എ.ഐ ക്യാമറ, എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് എന്നിവയിലൂടെ യു.ഡി.എഫിന് വീണ്ടും ജീവന്‍വെച്ചത്. അതുകൊണ്ട് ലീഗ് കോണ്‍ഗ്രസിനൊപ്പം നിന്നു. അതിനിടെയാണ് മധ്യപ്രദേശിലാ വെടി പൊട്ടിയത്, ഏകസിവില്‍കോഡ് നടപ്പാക്കുമെന്ന്. അതോടെ വീണ്ടും ലീഗിന്റെ കോണിയില്‍ ചാരാനുള്ള ശ്രമം എം.വിഗോവിന്ദന്‍ ശക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടയ്ക്ക് കൂടെ നിന്നു. സമസ്തയും ലീഗും കൂടി വന്നാല്‍ ഓണംബംപറടിച്ചതിനേക്കാള്‍ കോളാണെന്ന് സി.പി.എമ്മിനറിയാമായിരുന്നു. എന്നാല്‍ മോഹിപ്പിച്ച ശേഷം ലീഗ് തേച്ചു. എന്നാലും ലീഗിനെ വിടില്ലെന്ന തീരുമാനത്തിലാണ് സി.പി.എം. കാരണം ലീഗ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെന്ന് സി.പി.എം കരുതുന്നു.
അല്ലെങ്കില്‍ ലീഗിനെ ഒപ്പംനിര്‍ത്തി മറ്റ് മുസ്‌ലിം സംഘടനകളുടെയെല്ലാം വോട്ട് സ്വന്തം പെട്ടിയിലേക്ക് വീഴ്ത്താനുള്ള ശ്രമം നടത്തുന്നു. മണിപ്പൂരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന പിന്തുണയെല്ലാം പോയി. ഹിന്ദുക്കളില്‍ ഭൂരിപക്ഷവും സി.പിഎമ്മിനൊപ്പമാണ്. അവരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് ഒരുമിപ്പിച്ചാല്‍ മൂന്നാമൂഴം ലളിതമാകും. അതുകൊണ്ട് പിണറിയെ മുന്നില്‍ നിര്‍ത്തി മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുകയും സമസ്ത അടക്കമുള്ള സംഘടനകളെ ഒപ്പം നിര്‍ത്താനാണ് എം.വി ഗോവിന്ദന്‍ കളിക്കുന്നത്. ഈ കളിയില്‍, പണ്ട് ബദല്‍രേഖയില്‍ തനിക്കെതിരെ നിന്ന് പാര്‍ട്ടിയില്‍ തരംതാഴ്ത്തിയ പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി എന്നതാണ് എം.വിഗോവിന്ദന്‍ മാഷിന്റെ കൗശലപൂര്‍വമായ പ്രതികാരം. അല്ലെങ്കില്‍ പണി തന്ന പിണറായി വിജയനെ കൊണ്ടു തന്നെ ലീഗിന് പരവതാനി വിരിപ്പിക്കുമോ? ഇത് കണ്ട് എം.വി.ആറിന്റെ ആത്മാവ് ചിരിക്കുകയും ഇ.എം.എസിന്റെ ആത്മാവ് കണ്ണ്തള്ളുകയും ചെയ്യുന്നുണ്ടാവും.
https://www.facebook.com/Malayalivartha


























