പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി....പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തിയാണ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചത്; വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്‌കാര ചടങ്ങ് നടക്കുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തിയാണ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചത്. വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു.
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനങ്ങള്‍ ഒഴുകുകയായിരുന്നു. രാപ്പകലില്ലാതെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞിനായി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേക കല്ലറയാണ് ഒരുക്കിയിരിക്കുന്നത്. ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിട ചൊല്ലുകയാണ് ജന്മനാട്. ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നല്‍കിയത്. തിരുനക്കരയില്‍ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ തിരുനക്കര ആള്‍ക്കടലായി മാറി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീര്‍പ്പൂക്കള്‍ സമ്മാനിച്ചു.
28 മണിക്കൂര്‍ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയില്‍ എത്തിയത്. അക്ഷരാര്‍ത്ഥത്തില്‍, മണ്ണ് നുള്ളിയിട്ടാല്‍ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലും പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്. അധികാരത്തെ എന്നും അപരനോടുള്ള കരുണയാക്കിയ നേതാവിനെ യാത്രയാക്കാന്‍ രാഷ്ട്രീയ നേതാക്കളും താരങ്ങളും തിരുനക്കരയില്‍ കാത്തുനിന്നിരുന്നു. കൈനിറയെ പൂക്കളും മനസ്സ് നിറയെ ഓര്‍മകളുമായി ഇന്നലെ മുതല്‍ കാത്തുനില്‍ക്കുകായിരുന്ന ജനക്കൂട്ടം ഒഴുകിക്കയറി. മൂന്നര മണിക്കൂര്‍ നീണ്ട പൊതുദര്‍ശനം അധികൃതര്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണിശതയോടെ അവസാനിപ്പിക്കുമ്പോഴും ഇരട്ടിയോളം ജനം പുറത്ത് ബാക്കിയായിരുന്നു. പുതുപ്പള്ളി തറവാട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തെ പൊതുദര്‍ശനമുണ്ടായി. വീടിലെ പ്രാര്‍ത്ഥനാ ചടങ്ങികള്‍ക്ക് ശേഷം ആയിരങ്ങളുടെ അകമ്പടിയോടെയാണ് ജനനായകന്റെ ഭൗതിക ശരീരം പള്ളിയിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha


























