ഏറെ പ്രതീക്ഷയോടെ... ചന്ദ്രയാന്‍-3 ബഹിരാകാശ പേടകം അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി; ഇനി ചന്ദ്രനിലേക്ക് കുതിക്കാന്‍ റെഡിയാകും; ഏറെ ആകാംക്ഷയോടെ രാജ്യം

രാജ്യം ഒരു അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാന്‍-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാന്‍-3 പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്.
ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിക്കുക. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും.
ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും. ആഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാന്‍ഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ് പേടകത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് യു ഗര്‍ത്തത്തിന് അടുത്താണ് ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്നത്. ലാന്‍ഡിങ്ങ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക് വരും. ലാന്‍ഡറിലെ ശാസ്ത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ നേരമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍. 2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ല്‍ രണ്ടാമത്തെ വിക്ഷേപണവും നടന്നു. പേര് സൂചിപ്പിക്കുമ്പോലെ ചന്ദ്രനിലേക്കുള്ള യാത്രതന്നെയാണ് ചന്ദ്രയാന്‍ ദൗത്യം. ഒരു നാള്‍ ഇന്ത്യന്‍ പൗരന്മാരില്‍ ആരെങ്കിലും ഐഎസ്ആര്‍ഒയുടെ വാഹനത്തില്‍ ചന്ദ്രനിലിറങ്ങുന്ന നാള്‍ വരും. അതിനായുള്ള തയ്യാറെടുപ്പായി ചന്ദ്രയാനെ കാണാം.
യഥാര്‍ത്ഥത്തില്‍ ചാന്ദ്ര പര്യവേക്ഷണങ്ങള്‍ക്കുള്ള തങ്ങളുടെ സാങ്കേതിക വിദ്യകളുടെ ശേഷി പരിശോധിക്കുകയാണ് ഐഎസ്ആര്‍ഒ. പാളിച്ചകളില്ലാത്ത ഭാവി ദൗത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്. മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3നുള്ളത്.
ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക, ചന്ദ്രനില്‍ റോവര്‍ ചലിപ്പിക്കുക, ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ആള്‍ട്ടിമീറ്ററുകള്‍, വെലോസിമീറ്ററുകള്‍, ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് സംവിധാനം, പ്രൊപ്പല്‍ഷന്‍ സംവിധാനം, നാവിഗേഷന്‍, ഗൈഡന്‍സ് , കണ്‍ട്രോള്‍ സംവിധാനങ്ങള്‍, അപകടം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ലാന്‍ഡിംഗ് ലെഗ് മെക്കാനിസം തുടങ്ങി ഴോളം സാങ്കേതിക വിദ്യകളാണ് ലാന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ലാന്ററില്‍ സ്ഥാപിച്ചിട്ടുള്ള റേഡിയോ അനാട്ടമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപ്പര്‍സെന്‍സിറ്റീവ് ഐയണോസ്ഫിയര്‍ ആന്റ് അറ്റ്മോസ്ഫിയര്‍ സംവിധാനം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ (അയോണുകളും ഇലക്ട്രോണുകളും ) സാന്ദ്രതയും അതിനുണ്ടാകുന്ന മാറ്റങ്ങളും പരിശോധിക്കും. ചന്ദ്ര സര്‍ഫേസ് തെര്‍മോ ഫിസിക്കല്‍ എക്സ്പിരിമെന്റ് സംവിധാനം ഉപയോഗിച്ച് ധുവപ്രദേശത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിന്റെ താപഗുണങ്ങളുടെ അളവുകള്‍ പരിശോധിക്കും.
ലാന്റ് ചെയ്ത സ്ഥലത്തിന് ചുറ്റുമുള്ള ഭൂകമ്പം അളക്കുന്നതിനും ചന്ദ്രന്റെ പുറംതോടിന്റെയും ആവരണത്തിന്റെയും ഘടന നിര്‍വചിക്കുന്നതിനുമായുള്ള ലൂണാര്‍ സിസീസ്മിക് ആക്റ്റിവിറ്റി ഉപകരണവും ലാന്ററിലുണ്ട്. ചാന്ദ്രവ്യവസ്ഥയുടെ ചലനാത്മകത പഠിക്കുന്നതിനായുള്ള ലേസര്‍ റെട്രോറിഫ്ളക്ടര്‍ അരേയും ലാന്ററിലുണ്ട്.
ഇതിന് പുറമെ ചന്ദ്രനിലെ മണ്ണും ശിലകളും പഠനവിധേയമാക്കുന്നതിനും രാസപദാര്‍ത്ഥങ്ങളെ കുറിച്ച് പഠിക്കുന്നതിനുമുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ്, ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ടോമീറ്റര്‍ എന്നിവ റോവറിലും സ്ഥാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























