വായ്പ കുടിശികയായതിന്റെ പേരിൽ കടയിലും വീട്ടിലുമെത്തി ഭീഷണി, ബാങ്ക് ജീവനക്കാരുടെ ഭീഷണിയിൽ കോട്ടയത്ത് വ്യാപാരി ജീവനൊടുക്കി

കോട്ടയത്ത് വായ്പ കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ വീട്ടിലും കടയിലും എത്തി ഭീഷണിപ്പെടുത്തിയതോടെ വ്യാപാരി ജീവനൊടുക്കി. കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂർ അഭിരാമം വീട്ടിൽ ബിനു കെ.സി (50) യെ ആണ് വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കോട്ടയം നാഗമ്പടത്തെ ബാങ്കിൽ നിന്നും വ്യാപാര ആവശ്യത്തിനായി ഇദ്ദേഹം വായ്പ എടുത്തിരുന്നു. ഈ വായ്പ കുടിശ്ശികയായതോടെ തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തിൻറെ സ്ഥാപനത്തിൽ ബാങ്കിൽ നിന്നുള്ള ജീവനക്കാർ എത്തിയതായി നാട്ടുകാർ പറയുന്നു. തുടർന്ന് ബാങ്ക് ജീവനക്കാർ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിനുള്ളിൽ കയറുകയും മേശ വലിപ്പിൽ ലയിൽ നിന്നും പണം എടുക്കുകയും ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്.
തുടർന്ന് ബാങ്കിന്റെ ജീവനക്കാർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി രണ്ട് പെൺ മക്കളെയും ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു. ഉച്ചയോടെ കുടയമ്പടി കവലയിലെ കടയടച്ച് ഇദ്ദേഹം വീട്ടിലേക്ക് പോകുകയായിരുന്നു. വൈകിട്ട് മക്കൾ മുറിക്കുള്ളിൽ നോക്കിയപ്പോഴാണ് ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി, മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാങ്ക് ജീവനക്കാരുടെ പീഡനം മൂലമാണ് ഇദ്ദേഹം ജീവൻ ഒടുക്കിയത് എന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha