ചെറുധാന്യ സന്ദേശ യാത്ര: ജില്ലാതല ഉദ്ഘാടനം കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു
ചെറുധാന്യ ഉൽപാദന പ്രദർശന വിപണന ബോധവത്ക്കരണ ക്യാമ്പയിനുമായി കുടുംബശ്രീ ജില്ലാ മിഷൻ. ക്യാമ്പയിനിന്റെ ഭാഗമായി 'നമത്ത് തീവനഗ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു. കേരളത്തിൽ ചെറുധാന്യങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനും വിപണനം ഉയർത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ബോധവൽക്കരണ യാത്ര സംഘടിപ്പിക്കുന്നത്.
ബോധവൽക്കരണ യാത്രയുടെ ഭാഗമായി ചാമ, കമ്പ്, വരഗ്, പനിവരഗ്, മക്കാചോളം, കുതിരവാലി, അരിചോളം എന്നീ ചെറു ധാന്യങ്ങളുടെ പ്രദർശന മേള, പോഷകാഹാര മേള, ജൈവവൈവിധ്യ വിത്തുകളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അന്താ രാഷ്ട്ര ചെറുധാന്യവർഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉല്പാദിപ്പിച്ച ചെറുധാന്യങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
പോഷകാഹാരം കുറവ് പരിഹരിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചെറുധാന്യങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി എം റജീന അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കാക്കനാട് മേഖല സെക്രട്ടറി ഡോ. ടോമി തോമസ് ചെറു ധാന്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
പരിപാടിയോടനുബന്ധിച്ച് കുട്ടമ്പുഴ തലവച്ചപാറ ആദിവാസി സംഘം മുതുവാൻ കൂത്ത് നൃത്തം അവതരിപ്പിച്ചു.അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ മാരായ അമ്പിളി തങ്കപ്പൻ, കെ സി അനുമോൾ, കെ ആർ രജിത, എം ഡി സന്തോഷ്, എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha