മരണപ്പെട്ട ഭര്‍ത്താവിന്റെ ബാധ ഭാര്യയുടെ ദേഹത്തുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു:- മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയുടെ വീട്ടിൽ താമസമാക്കി: ബാധ ഒഴിപ്പിക്കലിന്റെ പേരിൽ നിരവധി തവണ പീഡനം; വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു സ്വർണാഭരണങ്ങളും 64,000 രൂപയും കൈക്കലാക്കി:- ഒടുവിൽ യുവാവിനെ പോലീസ് പൊക്കിയത് മറ്റൊരു കാമുകിയ്‌ക്കൊപ്പം താമസിക്കുന്നതിനിടെ...

കുടുംബ പ്രശ്നങ്ങളെ തുടർന്ന് പ്രതിവിധിക്കായി ജ്യോതിഷാലയത്തിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയ കേസിൽ യുവാവ് പിടിയിലായി. ഏഴര പവൻ സ്വർണാഭരണവും 64,000 രൂപയുമായി മുങ്ങിയ കോട്ടയം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മരണപ്പെട്ട ഭര്‍ത്താവിന്റെ ബാധ യുവതിയുടെ ദേഹത്ത് ഉണ്ടെന്നും അത് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്ന പ്രതി കുടുംബവുമായി അടുത്തത്.
പാരിപ്പള്ളിയിലെ ജ്യോതിഷാലയത്തിലെത്തിയ കല്ലമ്പലം സ്വദേശിനിയായ യുവതിയെ ഫെബ്രുവരിയിലാണ് ബിജു പരിചയപ്പെടുന്നത്. അമാനുഷിക ശക്തിയുണ്ടെന്ന് ബിജു യുവതിയെയും വീട്ടുകാരെയും ആദ്യം വിശ്വസിപ്പിച്ചു. വിധവയായ യുവതിയുടെ ദേഹത്ത് ഭർത്താവിന്റെ ബാധ ഉണ്ടെന്ന് ഇയാൾ യുവതിയുടെ രക്ഷിതാക്കളെ പറഞ്ഞ് ഭയപ്പെടുത്തി. തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ബിജു യുവതിയുടെ വീട്ടിൽ താമസം തുടങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ യുവതിയെ ബാധ ഒഴിപ്പിക്കലിന്റെ പേരിൽ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാമെന്ന് ബിജു വാക്കും നൽകി. തനിക്ക്
സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നും അത് തീർത്താൽ വിവാഹം രജിസ്റ്റർ ചെയ്യാമെന്നുമായിരുന്നു ഉറപ്പ്. അങ്ങനെ യുവതിയുടെ ഏഴര പവൻ സ്വർണാഭരണങ്ങളും 64,000 രൂപയും പ്രതി കൈക്കലാക്കി. യുവതിയുടെ ജാമ്യത്തിന്മേൽ മൂന്നരലക്ഷം രൂപ കടവും തരപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ പ്രതി വീട്ടിൽ നിന്നും മുങ്ങി.
ഇതിനിടെ പ്രതി ബിജു കുണ്ടറ മുളവനയിൽ ഉണ്ടെന്നുള്ള വിവരം യുവതിക്ക് ലഭിച്ചതിനെ തുടർന്ന് വീട്ടുകാർ അവിടെയെത്തി എത്തി ഇയാളെ കയ്യോടെ പൊക്കി. മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ബിജുവിന്റെ ഒളിച്ച് താമസം. യുവതിയുടെ പരാതിയിൽ കല്ലമ്പലം പോലീസ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha