പത്മകുമാറും കുടുംബവും സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും: പിടിയിലാകുമ്പോൾ ലഭിച്ച പത്മകുമാറിന്റെ ഡയറിയിൽ നിന്ന് ആ തെളിവുകൾ...
പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന്, അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് പറഞ്ഞു. ഓയൂരിലെ കേസ് ഒഴികെ പ്രതികൾക്കെതിരെ മറ്റ് പരാതികൾ ലഭിച്ചിട്ടില്ല. ഇനിയുള്ള ചോദ്യം ചെയ്യലിൽ ഇതും ചോദിച്ചറിയും. പിടിയിലാകുമ്പോൾ ലഭിച്ച പത്മകുമാറിന്റെ ഡയറിയിൽ നിന്ന് വിവിധ പ്രദേശങ്ങളിലെ റൂട്ട് മാപ്പുകൾ ലഭിച്ചിരുന്നു.
അതിൽ ഏറ്റവും ഒടുവിലായിരുന്നു ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പൂയപ്പള്ളി മുതൽ ചാത്തന്നൂർ വരെയുള്ള റൂട്ട് മാപ്പ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പദ്മകുമാര്‍ വിശദമായി പഠിച്ചിരുന്നു. ശേഖരിച്ച വിവരങ്ങൾ ഡയറിയില്‍ ഓരോ പേജിലായി ഡയഗ്രം രൂപത്തില്‍ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാര്‍ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു.
ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. . പലയിടത്തും തട്ടിയെടുക്കല്‍ ശ്രമം പരാജയപ്പെട്ടതായി പ്രതി പോലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പദ്മകുമാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം.
കുട്ടികളെ കടത്തിക്കിട്ടുന്ന മോചനദ്രവ്യം കൊണ്ട് സാമ്പത്തിക ബാധ്യത തീര്‍ക്കാമെന്നും കുടുംബം കണക്കുകൂട്ടി. വലിയ തുക ആവശ്യപ്പെടാതിരുന്നാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പണം നല്‍കുമെന്നും പോലീസിനെ അറിയിക്കില്ലെന്നും കരുതി. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പദ്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പോലീസ് പറയുന്നത്.
ഇന്നുതന്നെ ചോദ്യം ചെയ്യൽ ആരംഭിക്കും. വെള്ളിയോ ശനിയോ തെളിവെടുപ്പ് നടത്തും. ചോദ്യം ചെയ്യലിനു മുന്നോടിയായി പ്രതികൾ കൂട്ടിയെ തട്ടിക്കൊണ്ടുപോയതിനുശേഷവും പിറ്റേന്ന് കുട്ടിയെ ഉപേക്ഷിക്കാനും ഉൾപ്പെടെ സഞ്ചരിച്ച വഴികളിലെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതികൾക്കായി തെരച്ചിൽ നടത്തുമ്പോൾ ലഭിച്ചതിനേക്കാൾ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രതികളുടെ വായ്പകളുടെയും മറ്റ് ഇടപാടുകളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് കത്ത് നൽകി. അനിതകുമാരിക്കെതിരെ രംഗത്തെത്തിയ അമ്മ മീനാക്ഷി അമ്മയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. സ്വകാര്യ വ്യക്തികളുമായുള്ള പണമിടപാടുകളും അന്വേഷിക്കും.
https://www.facebook.com/Malayalivartha