ഇത്രയും മികച്ച രീതിയിൽ ആസൂത്രണം ചെയ്തിട്ടും ഞങ്ങൾക്ക് പിഴച്ചത് എവിടെയാണ്? പിടിയിലാകും മുമ്പ് , ഗത്യന്തരമില്ലാതെ വന്നാൽ, ആത്മഹത്യ! ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂവരും പദ്ധതിയിട്ടിരുന്നതിങ്ങനെ...

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മൂന്നുപ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വ്യാഴാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മൂവരെയും കസ്റ്റഡിയിൽ വിട്ടത്. ആദ്യഘട്ട അന്വേഷണം പൊലീസ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ അടക്കം സംശയങ്ങൾ ഉന്നയിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ പിതാവിനെ വരെ സംശയമുനയിൽ നിർത്തുന്ന രീതിയിൽ വാർത്തകൾ വന്നെങ്കിലും, അദ്ദേഹത്തിന് സംഭവവുമായി ഒരുബന്ധവുമില്ലെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. പ്രതികളെ പിടിച്ചത് തെങ്കാശിയിൽ നിന്നായിരുന്നു. മൂവരെയും കാത്തിരുന്നത് നവാസ് എന്ന സുഹൃത്താണ്. ഇയാളുടെ സഹായത്തോടെ അവിടെ പിടിച്ചുനിൽക്കാനായിരുന്നു ശ്രമം. നവാസിനെ ഫോണിൽ വിളിച്ച ശേഷം വരവിനായി ഹോട്ടലിൽ ഭക്ഷണം കഴിച്ച് കാത്തിരിക്കവേയാണ് പിടി വീഴുന്നത്. നവാസ് സ്ഥലത്തെത്തുമ്പോഴേക്കും പൊലീസ് മൂവരെയും വലയിലാക്കിയിരുന്നു. നവാസ് വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ, അതിന് മുമ്പേ പിടി വീണു. പിടിയിലാകും മുമ്പ് , ഗത്യന്തരമില്ലാതെ വന്നാൽ, ആത്മഹത്യ ചെയ്യാനാണ് മൂവരും പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറയുന്നു. പിടിലായ ശേഷം പത്മകുമാറും, മകൾ അനുപമയും ആവർത്തിച്ച് പൊലീസിനോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം ഇത്രയും മികച്ച രീതിയിൽ ആസൂത്രണം ചെയ്തിട്ടും ഞങ്ങൾക്ക് പിഴച്ചത് എവിടെയാണ്? എന്നായിരുന്നു.
നവംബർ 22,23, 24 തീയതികളിൽ പത്മകുമാറും, അനിതാ കുമാരിയും മകൾ അനുപമയും ആറുവയസുകാരിയുടെ വീടിന് അടുത്തുപോയി കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 27 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. 25, 26 ഉം ശനിയും, ഞായറും സ്‌കൂളില്ലാത്തതുകൊണ്ട് മൂവരും ആ ഭാഗത്തേക്ക് വന്നില്ല. 24 ാം തീയതി സ്ഥലത്ത് എത്തിയപ്പോൾ, കുട്ടിയുടെ വീടിന്റെ എതിർവശത്തുള്ള കടയുടെ ഫോട്ടോ എടുത്തുവച്ചു. കടയുടെ ഫോൺ നമ്പറിന് വേണ്ടിയായിരുന്നു അത്. 27 ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോൾ, രാവിലെ 10 മണിക്ക് ആ കടയുടെ നമ്പറിലേക്ക് വിളിക്കും എന്നുകാട്ടി കുറിപ്പ് എഴുതി വച്ചിരുന്നു. ഈ കുറിപ്പാണ് ആൺകുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചത്. എഴുതി കൊടുത്ത കുറിപ്പ് പിടിവലിക്കിടെ കാറിനുള്ളിൽ തന്നെ വീഴുകയായിരുന്നു. ആൺകുട്ടി അങ്ങനെ ശക്തമായി ചെറുത്തുനിൽക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല.
തട്ടിക്കൊണ്ടു പോകുമ്പോൾ കാറിന്റെ മുൻസീറ്റിൽ പത്മകുമാറും, പിൻസീറ്റിൽ ഇടതുവശത്ത് അനിതയും, വലതുവശത്ത് അനുപമയുമാണ് ഇരുന്നത്. അനുപമ ധരിച്ചിരുന്നത് ടോപ്പും പാന്റുമാണ്. മുൻവശത്തും ആളുണ്ടെന്ന് ആൺകുട്ടി തെറ്റിദ്ധരിച്ചതാണ്. അവിടിരിക്കുന്ന ആളെ കുട്ടി കൃത്യമായി കണ്ടിട്ടില്ല. അനുപമയെയും അനിതയെയുമാണ് ആൺകുട്ടി കൃത്യമായി കണ്ടത്. അനുപമയുടെ വേഷം കണ്ടിട്ടാണ് പുരുഷനാണെന്ന് കുട്ടി തെറ്റിദ്ധരിച്ചത്. പ്രതികൾ കുട്ടിയെ വലിച്ചുകയറ്റി കാറിന്റെ നിലത്ത് ഇരുത്തുകയായിരുന്നു. വാഹനം നീങ്ങി തുടങ്ങിയപ്പോൾ കുട്ടിയെ നിലത്ത് കിടത്തി. കുട്ടി അവിടെ കിടന്ന് ഉറങ്ങി പോവുകയും ചെയ്തു.
ആറുവയസുകാരിയെ കൊണ്ടുപോയത് ചാത്തന്നൂരിലെ വീട്ടിലേക്കാണ്. മകളെയും, തട്ടിക്കൊണ്ടുവന്ന കുട്ടിയെയും അവിടെ നിർത്തിയ ശേഷം പത്മകുമാറും ഭാര്യയും കൂടി കല്ലുവാതുക്കലിലേക്ക് പോയി. തട്ടിക്കൊണ്ടുപോകലിന് മുമ്പാണ് ഇവർ കാറിന്റെ നമ്പർ പ്ലേറ്റ് മാറിയത്. പാരിപ്പള്ളിയുടെയും കല്ലുവാതുക്കലിന്റെയും മധ്യേ മൊണാർക്ക് എന്ന ഓഡിറ്റോറിയത്തിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലമാണ്. അവിടെ സ്‌കൂളും, എതിർവശത്ത് വയലും മാത്രമാണ് ഉള്ളത്. അവിടെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം കയറ്റിയിട്ടാണ് നമ്പർ പ്ലേറ്റ് മാറ്റിയതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കുട്ടിയെയും മകളെയും വീട്ടിൽ ആക്കിയിട്ട് പുറപ്പെട്ട ഭാര്യാഭർത്താക്കന്മാർ കല്ലുവാതുക്കൽ വാഹനമിട്ടിട്ട് ഓട്ടോ പിടിച്ച് കുളമട വന്നാണ് ഫോൺ വിളിച്ചത്.
https://www.facebook.com/Malayalivartha