വളർത്തുമൃഗങ്ങളുടെ ചെലവ് താങ്ങാനാകുന്നില്ല, പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസ് നോക്കിനടത്താൻ പെടാപാട് പെട് ജീവനക്കാരി, പത്മകുമാർ തമിഴ്നാട്ടിലേക്ക് കടന്നത് മുതൽ ഫാമിലെ ചെലവ് പൂർണമായും വഹിക്കുന്നത് ഇവർ, വളർത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം

കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസ് ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഏക്കർ കണക്കിന് വ്യാപിച്ചുകിടക്കുന്ന പത്മകുമാറിന്റെ ഈ ഫാം ഹൗസ് നോക്കുന്നത് ഇതിനടുത്ത് താമസിക്കുന്ന ഷീബ എന്ന സ്ത്രീയാണ്. പത്മകുമാറും കുടുംബവും അറസ്റ്റിലായതോടെ ഇവർ ഫാം ഹൗസ് നോക്കി നടത്താൻ പെടാപാട് പെടുകയാണ്. നാല് പശുക്കളും രണ്ട് കാളയുമുണ്ട് ഇവിടെ. ഇത് കൂടാതെ വളർത്ത് നായ്ക്കളുമുണ്ട്. വളർത്തുമൃഗങ്ങളുടെ ചെലവ് താങ്ങാനാകാതെ ജീവനക്കാരി നട്ടംതിരിയുകയാണ്.
പത്മകുമാർ തമിഴ്നാട്ടിലേക്ക് കടന്നത് മുതൽ ഫാമിലെ ചെലവ് പൂർണമായും വഹിക്കുന്നത് ജീവനക്കാരിയാണ്. നിർദ്ധന കുടുംബാംഗമായ തനിക്ക് ഇനി ചെലവ് താങ്ങാനാകില്ലെന്ന് ജീവനക്കാരി പറയുന്നു. വിശാലമായ ഫാമിൽ പശുക്കളും കളയും നായ്ക്കളേയും കൂടാതെ 20 ഫാൻസി കോഴികളുമുണ്ട്. പശുക്കൾക്ക് മാത്രം ദിവസം ആയിരം രൂപയുടെ തീറ്റി കുറഞ്ഞത് വേണം. കൂലി കൃത്യമായി ലഭിക്കാറില്ലെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ഷീബ ജോലി തുടരുകയാണ്. പത്മകുമാർ പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും.
അതുവരെ വളർത്തുമൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കേസിൽ ഉൾപ്പെട്ടയാളുടേത് ആയതിനാൽ പൊലീസ് രേഖമൂലം ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പത്മകുമാറിന്റെ മകൾ അനുപമയും മൃഗസ്‌നേഹിയാണ്. അടുത്തിടെ തെരുവുപട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ ധനസമാഹരണം നടത്താനും അനുപമ ശ്രമിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നായയുമായുള്ള ചിത്രങ്ങളും അനുപമ പങ്കുവയ്ക്കുമായിരുന്നു.
https://www.facebook.com/Malayalivartha