മനോവിഷമം താങ്ങാനാവാതെ.... മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി
മനോവിഷമം താങ്ങാനാവാതെ.... മോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി
അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38)ആണ് ജീവിതം അവസാനിപ്പിച്ചത്. പൊലീസിന്റെ ശാരീരിക പീഡനങ്ങളില്‍ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നു കുടുംബാംഗങ്ങള്‍ . സംസ്കാരം നടത്തി. രശ്മിയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക്, വൈഗ.
സംഭവമിങ്ങനെ.... അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ െ്രെഡവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയത് 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തു.
കൊടിയ മര്‍ദനം സഹിക്കാതെ രതീഷ് സെല്ലില്‍ തളര്‍ന്നു വീണതായി അന്നു വിവരം പുറത്തു വന്നിട്ടുണ്ടായിരുന്നു. തട്ടിക്കൂട്ടിയ തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി. മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുത്തു. അപമാനഭാരത്താല്‍ കുടുംബം തളര്‍ന്നു. ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും അനുഭവിച്ചതിനൊന്നിനും കണക്കില്ല.
ഇതിനിടെ, 2020 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ പിടികൂടിയപ്പോള്‍ അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ മോഷണവും അയാള്‍ വെളിപ്പെടുത്തി. ഇതോടെ രതീഷിനെ കോടതി മോചിപ്പിച്ചു. അപ്പോഴേക്കും കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങള്‍ രതീഷിനെ മാനസികവും ശാരീരികവുമായി തകര്‍ത്തു കളഞ്ഞിരുന്നു. മോഷണക്കേസില്‍ പ്രതിയായ ശേഷം കൃത്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകര്‍ന്ന അവസ്ഥയിലായി. കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്ക് എതിരെ വകുപ്പുതല അന്വേഷണവും മറ്റും ചടങ്ങു പോലെ തുടരുന്നുണ്ട്. രതീഷ് കോടതിയില്‍ നല്കിയ കേസിനും തീര്‍പ്പു വന്നിട്ടില്ല.
https://www.facebook.com/Malayalivartha