സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി. മല്ലപ്പള്ളിയില്‍ ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. മണിമലയാറ്റിലെ കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ അതിഥി തൊഴിലാളിയാണ് ഒഴുക്കില്‍പെട്ടത്. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കില്‍പെട്ടത്. ഇവരില്‍ രണ്ട് പേര്‍ നീന്തിക്കയറി. നരേഷിനായി തിരച്ചില്‍ തുടരുകയാണ്.
ഇതിനിടെ ഇടുക്കിയില്‍ ശക്തമായ മഴയിലും കാറ്റിലും മരം വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം പാറത്തോട്ടില്‍ ജീപ്പിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. പാറത്തോട് സ്വദേശികളായ മാരിമുത്തു(42), പെരിയസാമി(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാരിമുത്തു ജീപ്പ് ഡ്രൈവറാണ്. ഗുരുതരമായി പരിക്കേറ്റ പെരിയ സ്വാമിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നു. തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളിയും വാഴച്ചാലും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് 21, 22 തീയതികളില്‍ പ്രവേശനം അനുവദിക്കില്ല. കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha