തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടതോടെ കടന്ന മഴക്ക് സാധ്യത.... ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'റിമാൽ' ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു...

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടതോടെ കടന്ന മഴക്ക് സാധ്യത. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'റിമാൽ' ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടിയേ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലേർട്ടാണ്.
അതേസമയം കോട്ടയത്ത് മീൻപിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാർ (38) ആണ് മരിച്ചത്. ചൂണ്ടിയിടാൻ പോയ യുവാവ് വെള്ളത്തിൽ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മാതൃ- ശിശുസംരക്ഷണകേന്ദ്രത്തിൽ വെള്ളം കയറി. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ജീവനക്കാർ പറഞ്ഞു. മൂന്ന് മോട്ടോർസെറ്റുകൾ എത്തിച്ച് രാത്രിയോടെതന്നെ വെള്ളം പമ്പുചെയ്തുകളഞ്ഞു.
പന്തീരാങ്കാവ് ദേശീയ പാതയിൽ കോൺക്രീറ്റ് ഭിത്തി തകർന്നുവീണു. മരങ്ങൾ വീടിനുമുകളിലേക്ക് വീണ് വീട് തകർന്ന് ഒരാൾക്കുപരിക്കേറ്റു. കോഴിക്കോട് സായ്കേന്ദ്രത്തിലും വെള്ളം കയറി. കൊച്ചിയിൽ താഴ്ന പ്രദേശങ്ങളിൽ അതിവേഗം രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞുപോകാതായതോടെ ജനങ്ങൾ വലഞ്ഞു. വൈറ്റില, ഇടപ്പള്ളി, എസ്.ആർ.എം. റോഡ്, ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ലിങ്ക് റോഡ്, കലൂർ ആസാദ് റോഡ്, പാലാരിവട്ടം, എം.ജി. റോഡ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരം, കാക്കനാട് ഇൻഫോപാർക്ക് പരിസരം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി. മഴ കുറഞ്ഞതോടെ വെള്ളക്കെട്ടിന് കുറവുണ്ട്.
തിരുവനന്തപുരത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വെള്ളം കയറി മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha