നെട്ടോട്ടമോടി നിര്‍മ്മാതാക്കള്‍... വമ്പന്‍ ലാഭം കൊയ്ത മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; സൗബിന് നോട്ടീസ്, ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തു; കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം; സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്
![](https://www.malayalivartha.com/assets/coverphotos/w657/312569_1718163996.jpg)
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ കഥ പോലെയായി നിര്‍മ്മാതാക്കളുടെ ജീവിതം. വല്ലാത്തൊരു ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു.
നടനും, നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിനെയും ചോദ്യം ചെയ്യും. ഇതിനായി സൗബിന്‍ ഷാഹിറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി.
സിനിമാ നിര്‍മ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്. മലയാളം സിനിമാ ചരിത്രത്തില്‍ ആദ്യമായി 200 കോടിയ്ക്ക് മേല്‍ ബോക്‌സ് ഓഫീസ് ഗ്രോസ് ലഭിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിന് അകത്തും പുറത്തും വലിയ ശ്രദ്ധനേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു.
7 കോടി രൂപയാണ് സിറാജ് നല്‍കിയതെന്നും ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പറവ ഫിലിംസിന്റേയും(സൗബിന്‍) പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു.
അതേസമയം, നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാല്‍ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും.
അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
'മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മാതാക്കളുടെ വക്കാലത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഭിഭാഷകന്‍ ഒഴിഞ്ഞത്. തുടര്‍ന്ന് നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജൂണ്‍ 12-ന് പരിഗണിക്കാന്‍ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
ഹര്‍ജി തീര്‍പ്പാക്കാനിരിക്കെയാണ് അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞത്. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളോട് ഹര്‍ജിക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകന്‍ പിന്മാറിയതെന്നാണ് സൂചന. വഞ്ചനക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് 12 വരെ നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha