പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണ് ഉള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ കേസില്‍ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.
കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ എഫ്‌ഐആര്‍ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍ കേസില്‍ ഇരയായ യുവതി മൊഴിമാറ്റിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ആദ്യം ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് പറഞ്ഞ് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുവതി മൊഴി മാറ്റുകയായിരുന്നു. ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു യുവതി പറഞ്ഞത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായ ശേഷം യുവതി ഡല്‍ഹിയിലേക്ക് തിരിച്ച് പോയി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് പ്രതി ഹൈക്കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha