നൃത്താധ്യാപികയായ ജിതിയ്ക്ക് പറയാന്‍ വാക്കുകളില്ല... കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; തന്റെ ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്ന് വിതുമ്പലോടെയാണ് ടീച്ചര്‍ ഓര്‍ക്കുന്നത്
കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഒന്ന് നേരം പുലര്‍ന്നപ്പോഴേക്കും കൂടെ ഉണ്ടായിരുന്നവരെയെല്ലാം സ്വന്തം മണ്ണ് കാര്‍ന്ന് തിന്നത് കണ്‍മുന്നില്‍ കണ്ട ഞെട്ടലിലാണ് മുണ്ടക്കൈ നിവാസി ജിതിക പ്രേം. മുണ്ടക്കൈയില്‍ മുസ്ലിം പള്ളിയുടെ മുകളിലുള്ള ലയത്തില്‍ താമസിക്കുന്ന നൃത്താധ്യാപികയായ ജിതിക ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്ന് വിതുമ്പലോടെയാണ് ഓര്‍ക്കുന്നത്.
''പുലര്‍ച്ചെ ഒന്നരയ്ക്ക് ഭയങ്കര ഒച്ച കേട്ടു. പിന്നാലെ എല്ലാവരും എഴുന്നേറ്റു. ശബ്ദം കേട്ടപ്പോള്‍ മനസ്സിലായി എന്തോ ആപത്ത് വരുന്നുണ്ടെന്ന്. കുട്ടികളെയും അച്ഛനെയും അമ്മയെയുമൊക്കെ എഴുന്നേല്‍പ്പിച്ചു. ആദ്യം പൊലീസിനെ വിളിച്ചു. പിന്നീട് മറ്റുള്ളവരെയും വിളിച്ചു പറഞ്ഞു. താഴെ താമസിക്കുന്നവരെയും വിളിച്ചു. പക്ഷേ ബെല്‍ അടിക്കുന്നതല്ലാതെ അവര്‍ എടുക്കുന്നുണ്ടായിരുന്നില്ല. ആദ്യത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ത്തന്നെ ആളുകള്‍ രക്ഷിക്കണേയെന്നു വിളിച്ചു നിലവിളിക്കുന്നുണ്ട്.
രണ്ടാമത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ പിന്നെ ഇവരുടെ ശബ്ദം കേള്‍ക്കാതായി. മൂന്നാമതും ഉരുള്‍പൊട്ടിയതോടെ വരുന്നിടത്തുവച്ചുകാണാമെന്ന അവസ്ഥയായി അപ്പോഴെല്ലാവര്‍ക്കും. കനത്ത മഴയും, ഇരുട്ടും.. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും '' ജിതിക വിതുമ്പലോടെയാണ് പറഞ്ഞത്.
''രാവിലെയാണ് മുന്നില്‍ മരുഭൂമിയായ കാഴ്ച കണ്ടത്. ഒരുപാട്‌പേരെ രക്ഷിച്ചു. ഒരാളെ രക്ഷിക്കാന്‍ പറ്റിയില്ല. കമ്പി തുളച്ചുകയറി കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞാണ് ക്യാമ്പിലെത്തിയത്. കെട്ടിപ്പിടിച്ച രീതിയില്‍ ശിവന്‍, ജിജിന, പ്രമോദിനി എന്ന മൂന്നുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമാണ് ഇവര്‍, അവരാരും ഇപ്പോഴില്ല, ജിതിക ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു''.
https://www.facebook.com/Malayalivartha