ഭൂമിക്കടിയിൽ നിന്ന് ഒരു ശ്വാസത്തിനോ ഞരക്കത്തിനോ വേണ്ടി കണ്ണും കാതും കൂർപ്പിച്ച് എന്തിനും തയ്യാറായി ഒരു നാട് ഒന്നടങ്കം കാത്തിരിക്കുകയാണ്; സേവനത്തിനായി എത്തുന്ന സംഘടനകളെ ആട്ടിപ്പായിക്കരുത് - സന്ദീപ് വാചസ്പതി...
വയനാട്ടില്‍ സേവനത്തിനായി എത്തുന്ന ചെറുപ്പക്കാരെ വിവിധ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിന്യസിക്കാന്‍ സാധിക്കുന്നില്ലെന്നും, ഇവിടേയ്ക്ക് എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കരുതെന്നും മേപ്പാടിയും ചൂരൽമലയും സന്ദർശിച്ച ശേഷം ബിജെപി വക്താവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
വയനാട് മേപ്പാടിയും ചൂരൽമലയും സന്ദർശിച്ചു. ഒരു നാടിനെ ഒന്നായി പ്രകൃതി വിഴുങ്ങിയ നടുക്കുന്ന കാഴ്ചയാണ് എങ്ങും. മൃതദേഹം എങ്കിലും വിട്ടുതരാൻ ഭൂമി ദേവിയോട് അഭ്യർത്ഥിച്ച് യന്ത്രക്കൈകൾ നിരന്തരം ഉയർന്ന് പൊങ്ങുന്നു. ഭൂമിക്കടിയിൽ നിന്ന് ഒരു ശ്വാസത്തിനോ ഞരക്കത്തിനോ വേണ്ടി കണ്ണും കാതും കൂർപ്പിച്ച് എന്തിനും തയ്യാറായി ഒരു നാട് ഒന്നടങ്കം കാത്തിരിക്കുകയാണ്.
ഓരോ ദുരന്തമുഖവും മനുഷ്യ സാഹോദര്യത്തിൻ്റെ പുതിയ മാതൃകകൾ കൂടിയാണ് സൃഷ്ടിക്കുന്നത്. വയനാട് മേപ്പാടിയും അതിൽ നിന്ന് ഭിന്നമല്ല. സേവാഭാരതിയും യുവമോർച്ചയും ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും യൂത്ത് ലീഗും എസ് വൈ എസും കെഎംസിസിയും എല്ലാം കൈ മെയ് മറന്ന് മേപ്പാടിയിലും ചൂരൽ മലയിലും പ്രവർത്തിക്കുന്നു. പക്ഷേ അപ്പോഴും ഇവരുടെ സാഹോദര്യത്തെ, ശേഷിയെ വിനിയോഗിക്കാൻ പ്രാപ്തിയുള്ള ഒരു ഭരണകൂടത്തിൻ്റെ അഭാവം എങ്ങും നിഴലിക്കുന്നുണ്ട്.
സഹജീവികളെ സഹായിക്കാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിവിധ രാഷ്ട്രീയ മത സംഘടനകളുടെ സന്നദ്ധ സേവകരെ ഒന്നിച്ച് കൂട്ടാനോ അവരുടെ കർമ്മശേഷിയെ ക്രിയാത്മകമായി ഉപയോഗിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ് വയനാട്ടിൽ. സേവനത്തിനായി എത്തുന്ന ചെറുപ്പക്കാർ പലയിടങ്ങളിലും കാഴ്ചക്കാരായി നിൽക്കുകയാണ്. സർക്കാരിന് ഇവരെ വിവിധ ഇടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി വിന്യസിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
സേവനത്തിനായി എത്തുന്ന ഓരോ സംഘടനയ്ക്കും ഓരോ ചുമതല വീതിച്ച് നൽകിയാൽ തന്നെ സർക്കാരിന് കിട്ടുന്ന ആശ്വാസം, സാമ്പത്തിക - മനുഷ്യ വിഭവശേഷിയുടെ ലാഭം ഒക്കെ വളരെ വലുതാകും. കേരള ചരിത്രത്തിൽ ഇത് പുതിയ രാഷ്ട്രീയ സേവന സംസ്കാരം ആവില്ലേ സൃഷ്ടിക്കുക? സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന കേരള മോഡൽ ഇതാകും. ഇനിയെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. അല്ലാതെ സേവനത്തിനായി എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കൽ അല്ല വേണ്ടത്. അത് ഏതൊരാൾക്കും ഏറ്റവും എളുപ്പം ചെയ്യാൻ കഴിയുന്ന കാര്യമാണ്.
https://www.facebook.com/Malayalivartha