ഷിരൂര്‍ ഗംഗാവലിയില്‍ വീണ്ടും തെരച്ചില്‍ ;അര്‍ജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ
അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. ഏറെ പ്രതീക്ഷയോടെ കേരളം. ഡ്രഡ്ജര്‍ ചൊവ്വാഴ്ച കാര്‍വാര്‍ തുറമുഖത്ത് എത്തിക്കാന്‍ തീരുമാനമായി. നാളെ വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാര്‍വാറില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നാവികസേനയുടെയും ഈശ്വര്‍ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതില്‍ അന്ന് തീരുമാനമുണ്ടാകും. ചൊവ്വാഴ്ച തന്നെ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. കാര്‍വാര്‍ തുറമുഖത്ത് നിന്ന് ഷിരൂര്‍ എത്താന്‍ ഏതാണ്ട് 10 മണിക്കൂര്‍ സമയം എടുക്കും. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിന്‍ അടക്കം ഉള്ള ഡ്രഡ്ജര്‍ പാലത്തിന് അടിയിലൂടെ കയറ്റാന്‍ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. ബുധനാഴ്ച തെരച്ചില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവില്‍ ഉത്തരകന്നഡ ജില്ലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.
ജൂലൈ പതിനാറിന് പുലര്‍ച്ചെയാണ് അര്‍ജുന്‍ ഓടിച്ചിരുന്നു ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ അപകടം ഉണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രണ്ടാഴ്ചയോളം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ കാലാവസ്ഥ ഉള്‍പ്പെടെ പ്രതികൂലമായതോടെ വിഫലമാവുകയായിരുന്നു.
ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ദൗത്യ സംഘം പറയുന്നത്. പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നും പറഞ്ഞു. കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തിരച്ചിലായിരിക്കും നടത്തുക. നാവികസേനാംഗങ്ങള്‍ക്ക് സഹായവുമായി കരസേനയുടെ ചെറു ഹെലികോപ്റ്ററും തിരച്ചിലിന്റെ ഭാഗമാകും.
https://www.facebook.com/Malayalivartha