പഠാന്‍കോട്ട് ഭീകരാക്രമണം: ജയ്‌ഷെ മുഹമ്മദിനു പങ്കില്ലെന്ന് പാക്കിസ്ഥാന്‍

പഠാന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിനു പങ്കില്ലെന്ന് പാക്കിസ്ഥാന്‍. ഈ സംഘടനക്ക് പങ്കുണ്ടെന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ല. ജയ്‌ഷെ മുഹമ്മദിനെതിരെ ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി. ഭീകരരില്‍ നിന്നു കണ്ടെത്തിയ രേഖകള്‍, പാക്കിസ്ഥാനിലേക്ക് ഇവര്‍ വിളിച്ച ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവയാണ് ഇന്ത്യ കൈമാറിയിരുന്നത്. ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന് നേരിട്ട് പങ്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു.
എന്നാല്‍, തെളിവില്ലെന്ന പാക്ക് നിലപാടിനെതിരെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പഠാന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനായി ഉന്നതതല സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജയ്‌ഷെ മുഹമ്മദിന് ആക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.
വ്യോമസേനാ താവളത്തിനുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യ - പാക്ക് സെക്രട്ടറിതല ചര്‍ച്ചകള്‍ മാറ്റിവച്ചിരിക്കുകയാണ്. ഭീകരാക്രമണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കാതെ ചര്‍ച്ചകള്‍ക്ക് തയാറല്ലെന്നാണ് ഇന്ത്യന്‍ നിലപാട്.
കഴിഞ്ഞ മാസം രണ്ടിനായിരുന്നു പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണമുണ്ടായത്. 80 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ആക്രമണം നടത്തിയ ആറു ഭീകരരെയും ഇന്ത്യ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ ഏഴ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























