സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

ആലപ്പുഴയിൽ നേർച്ചസദ്യയ്ക്കിടെ പായസം ലഭിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. വിളമ്പുകാരനെ ആക്രമിക്കുകയും വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിച്ചേരി സെന്റ് ജോർജ് തെരുവിൽ റിച്ചാർഡ് ദാസ് ഭവനത്തിൽ ജോസിനെയാണ് (32) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വഴിച്ചേരി മാർക്കറ്റിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന നേർച്ചസദ്യയ്ക്കിടെയായിരുന്നു സംഭവം.
സദ്യ കഴിക്കുന്നതിനിടെ പായസം ലഭിച്ചില്ലെന്ന് ആരോപിച്ച് ജോസ് ബഹളമുണ്ടാക്കുകയും, വിളമ്പുകാരനായ വഴിച്ചേരി വലിയ വീട്ടിൽ സാജു ആന്റണിയെ കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം സാജുവിന്റെ വീട്ടിലെത്തിയ പ്രതി, സാജുവിന്റെ അമ്മയെയും സഹോദരിയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. പരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
https://www.facebook.com/Malayalivartha


























