ബാബുവിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് : കോഴ വാങ്ങിയതിനു തെളിവില്ല, കേസെടുക്കേണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു വിജിലന്‍സ് നടത്തിയ ദ്രുതപരിശോധനയില്‍ മന്ത്രി കെ. ബാബുവിനെ കുറ്റമുക്തനാക്കി അന്വേഷണ റിപ്പോര്‍ട്ട്. ബാബു കോഴവാങ്ങിയെന്നതിനു തെളിവില്ലെന്നും കേസെടുക്കേണ്ടതില്ലെന്നുമുള്ള ശിപാര്‍ശയോടെയാണു വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മന്ത്രിക്ക് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം കളവാണെന്നും ഈ കാലയളവില്‍ ഇത്ര തുക അക്കൗണ്ടില്‍ വന്നിട്ടില്ലെന്നും വിജിലന്‍സ് എസ്.പി. ആര്‍. നിശാന്തിനി അനേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ഇന്നലെ അവധിയായതിനാല്‍ റിപ്പോര്‍ട്ട് ഇന്നു പരിഗണിച്ചേക്കും.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കാര്‍ത്തികേയകുമാര്‍ പിരിച്ചുനല്‍കിയ 28 ലക്ഷത്തിനൊപ്പം സ്വന്തം കൈയില്‍ നിന്നെടുത്ത 10 ലക്ഷവും ചേര്‍ത്താണു പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിക്കു നല്‍കിയതെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഈ സമയത്ത് അസോസിയേഷന്റെ അക്കൗണ്ടില്‍ ഇത്രയും പണമില്ലെന്നും ബിജു രമേശിന്റെ അക്കൗണ്ടില്‍ നിന്നു 10 ലക്ഷം പിന്‍വലിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍. ബാബുവിനെതിരേ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം, സാക്ഷിയായി ഉള്‍പ്പെടുത്തിയ ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ ജിമ്മി ജെയിംസ്, ബാറുടമകളായ എം.ഡി. ധനേഷ്, പി.ജി.ഉണ്ണിക്കൃഷ്ണന്‍, ജോസി ജോസ്, വി. ഷിബു, ജി. സന്തോഷ് കുമാര്‍, എ.എല്‍. ബഷീര്‍, നിജിത്ത്, മൈക്കിള്‍, രാജേഷ് എന്നിവരടക്കം 13 പേരുടെ മൊഴികളും ബിജു രമേശ്, മന്ത്രി കെ. ബാബു, ഭാര്യ ഗീത, മക്കളായ ആതിര, ഐശ്വര്യ, ബിസിനസുകാരായ മരുമക്കള്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളുമുള്‍ക്കൊള്ളിച്ച 44 രേഖകളുമുള്‍പ്പെടെ 300 പേജുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി. കോടതിയില്‍ സമര്‍പ്പിച്ചത്.
എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട അന്ന് ബാബുവിന്റെയും ബിജു രമേശിന്റെയും മൊഴിയെടുത്തോയെന്നു കോടതി ചോദിച്ചിരുന്നു. എന്നാല്‍, ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മന്ത്രി ബാബുവിനെതിനെതിരേ മൊഴി നല്‍കിയ ബിജു രമേശും കേസില്‍ പ്രതിയാണ്. ഈ സാഹചര്യത്തില്‍ ബിജുവിനെതിരെ കോടതിയില്‍ വിജിലന്‍സ് എന്ത് നിലപാട് എടുക്കുമെന്നതും നിര്‍ണായകമാണ്.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനു നല്‍കിയ ഹര്‍ജിയില്‍ ദ്രുതപരിശോധന നടത്തി ജനുവരി 23നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നത്. വിജിലന്‍സ് കൂടുതല്‍ സമയം ചോദിച്ചതോടെ ദ്രുതപരിശോധനാ നടപടിക്രമം മറികടന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഈ നടപടി രണ്ടു മാസത്തേക്കു മരവിപ്പിച്ച ഹൈക്കോടതി 10 ദിവസത്തിനകം ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചത്. ശനിയാഴ്ച സമര്‍പ്പിക്കേണ്ടിയിരുന്ന റിപ്പോര്‍ട്ട് കോടതിയുടെ അനുമതിയോടെയാണ് ഇന്നലത്തേക്കു മാറ്റിയത്.
ഇതേസമയം, ബാര്‍ കോഴയിലെ കള്ളപ്പണത്തിന്റെ സാധ്യതകള്‍ അന്വേഷണസംഘം പരിഗണിച്ചിട്ടില്ല. ബാബുവിന് 50 ലക്ഷം രൂപ കൈമാറിയ ദിവസം കൃത്യമായി പറയാന്‍ ബിജു രമേശിനു കഴിഞ്ഞിട്ടില്ല. 2013 ഏപ്രില്‍ ആദ്യവാരം കെ. ബാബുവിന്റെ നിര്‍ദേശപ്രകാരം െ്രെപവറ്റ് സെക്രട്ടറി സുരേഷ് പൈക്ക് തന്റെ മാനേജര്‍ രാധാകൃഷ്ണനാണു പണം കൈമാറിയതെന്നും താനും വ്യവസായി മുഹമ്മദ് റസീഫും സാക്ഷികളാണെന്നുമായിരുന്നു ബിജുവിന്റെ മുന്‍ വെളിപ്പെടുത്തല്‍. സാക്ഷിമൊഴികളില്‍ നിറയെ പൊരുത്തക്കേടുകളാണെന്നും വിശ്വാസയോഗ്യമല്ലെന്നും എസ്.പി. നിശാന്തിനിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. കോഴയിടപാട് നടന്ന ദിവസത്തെ മന്ത്രിയുടെയും ആരോപണമുന്നയിക്കുന്നവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ബി.എസ്.എന്‍.എല്ലിനോട് ആവശ്യപ്പെട്ടെങ്കിലും ഒരുവര്‍ഷംവരെയേ രേഖകള്‍ സൂക്ഷിക്കാറുള്ളൂവെന്ന മറുപടിയാണു കിട്ടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























