അതൊരിക്കലും മറക്കില്ല... പി. ജയചന്ദ്രന്‍ എന്ന ഭാവഗായകന്‍ വിട്ട് പിരിയുമ്പോള്‍ ബാക്കിയാകുന്നത് ഒരുപാട് ഓര്‍മ്മകള്‍; ജയചന്ദ്രനോടല്ല ഒരു കലാകാരനോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല
എല്ലാ കലാകാരന്‍മാര്‍ക്കും ഉയര്‍ച്ചയും താഴ്ചയുമുണ്ട്. നമ്മുടെ നൊമ്പരത്തിലും പ്രണയത്തിലും വിരഹത്തിലും ഉല്ലാസത്തിലുമെല്ലാം എത്രയോവട്ടം ഒപ്പമുണ്ടായിരുന്ന ശബ്ദമാണ് പി. ജയചന്ദ്രന്റേത്. ആദരവിനേക്കാള്‍ നമ്മുടെ പ്രിയം പിടിച്ചുപറ്റിയ പ്രതിഭ. എന്നിട്ടും അദ്ദേഹം ഒരു ആത്മകഥയെഴുതിയപ്പോള്‍ നമ്മോടു പറയേണ്ടി വന്നു. 'ജയചന്ദ്രനോടല്ല ഒരു കലാകാരനോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല.'
ഒരുമാതിരി വേദനകളും അവഹേളനങ്ങളുമൊക്കെ നിസ്സാരമായി തോന്നാവുന്ന 80ലെത്തിയ ഈ കലാകാരന്റെ ഹൃദയത്തില്‍ ഇപ്പോഴും ചോരപൊടിയുന്ന ആ മുറിവുകള്‍ എന്താണ്? 'ഏകാന്തപഥികന്‍ ഞാന്‍' എന്ന തന്റെ ആത്മകഥയില്‍ ജയചന്ദ്രന്‍ ഇതു വെളിപ്പെടുത്തുന്നു. ദൃശ്യം, ആമേന്‍, നോട്ടം എന്നീ സിനിമകളില്‍ തന്നെക്കൊണ്ടു പാടിക്കുകയും ഒടുവില്‍ സിനിമയില്‍ എത്തിയപ്പോള്‍ മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുകയും ചെയ്ത വേദനയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
തന്റെ ശബ്ദം വേണ്ടെന്നു വച്ചതിലല്ല, അക്കാര്യം ഒന്ന് അറിയിക്കാനുള്ള മാന്യത കാട്ടാതിരുന്നതാണു മുറിവേല്‍പിച്ചതെന്ന് അദ്ദേഹം പറയുന്നു. ദൃശ്യത്തില്‍ സംഭവിച്ചതിനെപ്പറ്റി ജയചന്ദ്രന്‍ എഴുതുന്നതിങ്ങനെ: 'ഒരു പുതിയ പയ്യനാണ് ദൃശ്യത്തിനു സംഗീതമൊരുക്കിയത്. അയാള്‍ പറഞ്ഞതുപോലെ പലവട്ടം ഞാന്‍ പാടിക്കൊടുത്തു. റെക്കോര്‍ഡിങ് കഴിഞ്ഞു പോകുമ്പോള്‍ അവരെന്നോട് അതൃപ്തിയൊന്നും പറഞ്ഞില്ല. പിന്നീട് പാട്ടുവരുമ്പോഴാണറിയുന്നതു ശബ്ദം മാറ്റിയെന്ന്.
ട്രാക്കിലെ വോയ്‌സ്തന്നെ ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ, ഒരു സീനിയറായ കലാകാരന്‍ എന്ന നിലയ്ക്ക് അത് എന്നോട് ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യേണ്ടേ? ഒരിക്കല്‍ക്കൂടി വന്നു പാടിത്തരണമെന്നു പറഞ്ഞാല്‍ ഞാന്‍ ഇവിടെയുള്ള സമയത്താണെങ്കില്‍ ചെയ്തുകൊടുക്കുമായിരുന്നു. ഇതൊന്നും പോരാഞ്ഞ് എന്റെ തെറ്റാണെന്നു വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നു.
'ആമേന്‍' എന്ന സിനിമയിലും സമാനമായ സംഭവം ഉണ്ടായിയെന്ന് അദ്ദേഹം പങ്കുവയ്ക്കുന്നു. 'പാട്ട് പാടിത്തീര്‍ത്തപ്പോള്‍ അതിന്റെ സംഗീത സംവിധായകന്‍ എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടു. പാട്ടിന്റെ സ്‌റ്റൈല്‍ ഒന്നു മാറ്റണമെന്ന് അയാള്‍ക്കാഗ്രഹമുണ്ടെന്ന്. അടുത്തയാഴ്ച അത് ഒന്നുകൂടി പാടിത്തരണം. അടുത്തയാഴ്ച നാട്ടില്‍ ഉണ്ടാവില്ലെന്നു ഞാന്‍ പറഞ്ഞു.
പാട്ടിന്റെ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആരും എന്നെ വിളിച്ചിട്ടില്ല. മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാവില്ലെന്നു ഞാന്‍ കരുതി. പക്ഷേ, അതിലും പാട്ടുകാരനെ മാറ്റി. ഒരുപക്ഷേ, സംവിധായകനോ സംഗീതസംവിധായകനോ അതുപോലെ പ്രധാനപ്പെട്ട ആര്‍ക്കെങ്കിലുമോ എന്റെ ആലാപനം ഇഷ്ടപ്പെട്ടു കാണില്ല. ഇഷ്ടപ്പെടണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ, ശബ്ദം മാറ്റിയ കാര്യം ഒന്നറിയിക്കുക എന്നതു സാമാന്യ മര്യാദയാണ്.'
'എന്നോട് വ്യക്തിപരമായി ഏറെ അടുപ്പമുള്ള സംഗീതസംവിധായകനാണ് എം.ജയചന്ദ്രന്‍. നിര്‍ഭാഗ്യവശാല്‍ കുട്ടന്റെ ഭാഗത്തുനിന്ന് എനിക്ക് ഇത്തരമൊരു സമീപനം നേരിടേണ്ടിവന്നിട്ടുണ്ട്. 'നോട്ടം' എന്ന ചിത്രത്തിനുവേണ്ടി അയാള്‍ ഈണമിട്ട ഒരു ഗാനം എന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു. വളരെ മനോഹരമായ ഒരു ഗാനം.
'മെല്ലെ... മെല്ലെ... മെല്ലെയാണീ യാത്ര...'
ഞാന്‍ ഏറെ സന്തോഷത്തോടെയാണ് റെക്കോര്‍ഡിങ് കഴിഞ്ഞിറങ്ങിയത്. കുറച്ചുനാളുകള്‍ക്കുശേഷം കുട്ടനെന്നെ വിളിച്ചു. 'ജയേട്ടാ, ആ പാട്ടില്‍ ചെറിയൊരു മാറ്റം വരുത്താനുണ്ട്. ഞാന്‍ ചെന്നൈയില്‍ വരുന്നുണ്ട്. ഒന്നു പാടിത്തരണം.' അതിനെന്താണു വിഷമമുള്ളത് എന്ന മട്ടില്‍ ഞാന്‍ മറുപടിയും പറഞ്ഞു. പക്ഷേ, പിന്നെ ഇതു സംബന്ധിച്ചു വിളിയൊന്നും ഉണ്ടായില്ല. വളരെനാള്‍ കഴിഞ്ഞാണ് ആ ഗാനം അയാള്‍ത്തന്നെ പാടി സിനിമയില്‍ ചേര്‍ത്തത് ഞാനറിയുന്നത്. സത്യത്തില്‍ എനിക്കൊരല്‍പം സങ്കടം തോന്നി. അയാള്‍ പാടണമെന്നുണ്ടായിരുന്നെങ്കില്‍ എന്നെക്കൊണ്ട് അതു പാടിക്കേണ്ടിയിരുന്നില്ലല്ലോ.
മറിച്ച്, മറ്റാരുടെയെങ്കിലും സമ്മര്‍ദം കൊണ്ടാണ് അങ്ങനെ ചെയ്തതെങ്കില്‍ എന്നോട് തുറന്നുപറയാനുള്ള അടുപ്പമൊക്കെ അയാള്‍ക്കുണ്ട്. അയാള്‍ പാടിയതിലല്ല, ഇങ്ങനെ ഒരു മാറ്റം വേണ്ടിവന്നു എന്നുപറയാതിരുന്നതിലാണ് എനിക്ക് ഖേദം തോന്നിയത്. അതു ഞാന്‍ വിട്ടുകളയാന്‍ നന്നായി ശ്രമിച്ചു. പക്ഷേ, ആ പാട്ടിനു കുട്ടനു മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നി. നല്ല ഫീല്‍ ഉള്ള ശബ്ദംതന്നെയാണ് അയാളുടേത്. ഇപ്പോഴും ഞങ്ങളുടെ സൗഹൃദം അനുസ്യൂതം തുടരുന്നു.' ഇതെല്ലാം തീരാത്ത വേദനയായി അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha