ഞങ്ങള്‍ സത്യസന്ധരാണ്.! 41 ദിവസത്തെ പൂജയോട് കൂടി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്... പ്രതികരിച്ച് മകൻ

നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ, ഗോപനുവേണ്ടി പുതിയ സമാധിമണ്ഡപം ഒരുങ്ങിയിരിക്കുകയാണ്. വീട്ടുവളപ്പിൽ, കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്താണ് ‘ഋഷിപീഠം’ എന്നു പേരുള്ള പുതിയ മണ്ഡപം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം ഘോഷയാത്രയായി ഇവിടെ കൊണ്ടുവന്ന് സമാധിയിരുത്തും. വിപുലമായ ചടങ്ങുകളാണു കുടുംബവും ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉൾപ്പെടെയുള്ള സംഘടനകളും ആലോചിക്കുന്നത്.
ഇതിനിടെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നല്‍കിയിട്ടില്ലെന്ന് മകന്‍ സനന്ദന്‍ പ്രതികരിച്ചു. മൊഴികളില്‍ വൈരുധ്യമില്ല. താന്‍ പറയുന്നത് പോലെയല്ല അനിയന്‍ പറയുക. അദ്ദേഹം പോറ്റിയാണ്. പൂജാ കര്‍മ്മങ്ങള്‍ ചേര്‍ത്തായിരിക്കും അനിയന്‍ പറഞ്ഞിട്ടുണ്ടാവുക. അല്ലാതെ തെറ്റായ മൊഴി നല്‍കിയിട്ടില്ലെന്നും സനന്ദന്‍ പറഞ്ഞു.
'ഞങ്ങള്‍ സത്യസന്ധരാണ്. 41 ദിവസത്തെ പൂജയോട് കൂടി ശിവലിംഗ പ്രതിഷ്ഠയോടെ അച്ഛനെ യോഗീശ്വരന്‍ ആക്കിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് എനിക്ക് ഒന്നും പറയാനില്ല', സനന്ദന്‍ പറഞ്ഞു. താന്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലും സനന്ദന്‍ മാപ്പ് ചോദിച്ചു. പരാതിക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയില്‍ പറഞ്ഞതാണെന്നുമാണ് സനന്ദന്‍ വിശദീകരിച്ചത്.
പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക.
വീടിനു മുന്നില്‍ പന്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ുടണ്ട്. കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണു കരുതുന്നത്. മോര്‍ച്ചറിയില്‍നിന്ന് രണ്ടു മണിയോടെ മൃതദേഹം പുറത്തെടുത്ത് നാമജപ ഘോഷയാത്രയോടെ 3 ന് വീട്ടില്‍ എത്തിക്കുമെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. തുടര്‍ന്ന് സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ നാലു മണിക്കു സമാപിക്കും.
https://www.facebook.com/Malayalivartha