വലിയ രീതിയിലുള്ള ദുർഗന്ധം ഗോഡൗണിൽ; മാൻഹോളിലിട്ട് കോൺക്രീറ്റ് ചെയ്ത നിലയിൽ ബിജു ജോസഫിന്റെ മൃതദേഹം: നാലുപേർ കസ്റ്റഡിയിൽ

തൊടുപുഴയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കലയന്താനിയിലെ ഗോഡൗണിൽ മാൻഹോളിൽ നിന്ന് കണ്ടെത്തിയത്. മാൻഹോൾ പൊട്ടിച്ച് മൃതദേഹം പോലീസ് പുറത്തെടുത്തു. വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നൽകി. പൊലീസ് നടത്തിയ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. തുടർന്ന് ബിജുവിന്റെ ബന്ധുക്കളുമായി അന്വേഷണം നടത്തി.
സംഭവത്തിൽ ബിജുവിന്റെ ബിസിനസ് പങ്കാളിയെയും ക്വട്ടേഷൻ സംഘത്തിലെയും അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ കുഴിച്ചുമൂടിയതായി കസ്റ്റഡിയിലെടുത്തവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യസംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു. വലിയ രീതിയിലുള്ള ദുർഗന്ധം ഗോഡൗണിൽ ഉണ്ടായിരുന്നു. മൃതദേഹം മാൻഹോളിലിട്ട് കോൺക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. ഫോറെൻസിക്ക് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ മൃതദേഹം ബിജുവിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുളൂ.
https://www.facebook.com/Malayalivartha