കത്തിപോയ തെളിവുകളെല്ലാം ദേ തൂക്കി..! 420 പേജുകളുള്ള തെളിവുകൾ..!അയ്യപ്പൻ എത്തിച്ചു കോടതിയിൽ ഇനി ,ഉണ്ണിയുടെ നിലവിളി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ മരാമത്തു വിഭാഗം ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ പഴയ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള മുറിയിലാണ് 420 പേജുള്ള നിര്‍ണായക ഫയല്‍ കണ്ടൈടുത്തത്. മല്യയ്ക്കു സ്വര്‍ണം പൊതിയാന്‍ ഹൈക്കോടതി നല്‍കിയ അനുമതി, ബോര്‍ഡിന്റെ ഉത്തരവുകള്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് 22 കാരറ്റ് സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ രേഖകള്‍ തുടങ്ങിയവ ഫയലിലുണ്ട്.
അന്നത്തെ ശബരിമല ഡവലപ്‌മെന്റ് പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ കെ.രവികുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ആര്‍.രാജശേഖരന്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന സ്വര്‍ണംപൊതിയല്‍ ജോലികളുടെ വിശദ റിപ്പോര്‍ട്ടുകളുമുണ്ട്. പകര്‍പ്പെടുത്ത ശേഷം ഫയല്‍ എസ്‌ഐടിക്കു കൈമാറുകയാണ് ചെയ്തത്. ഫയലിലെ രേഖകളില്‍ സ്വര്‍ണത്തിന്റെ കണക്കുകളുമുണ്ട്. ദ്വാരപാലകശില്‍പങ്ങളില്‍ 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണം പതിച്ചിരുന്നതായി ഫയലിലെ രേഖകളിലുണ്ട്. കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണം പതിച്ചു. മേല്‍ക്കൂര പൊതിയാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ കണക്കുകള്‍ പുറത്തുവരാനുണ്ട്.
നേരത്തേ ദേവസ്വം വിജിലന്‍സും എസ്‌ഐടിയും പലതവണ ആവശ്യപ്പെട്ടിട്ടും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ രേഖകള്‍ കൈമാറിയിരുന്നില്ല. ഫയല്‍ പിടിച്ചെടുക്കാന്‍ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനകളും ഫലം കണ്ടില്ല. ഫയലുകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഐടി മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ ദേവസ്വം മരാമത്ത് ചീഫ് എന്‍ജിനീയര്‍ ഫയല്‍ കണ്ടെത്താനുള്ള പരിശോധനയ്ക്കു ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പലതവണ ഓഫിസ് മാറിയപ്പോള്‍ ഫയല്‍ മാറ്റിവച്ചതാകാമെന്നാണു ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും വിശദീകരണം. എന്നാല്‍ അന്വേഷണം മുറുകിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റിയതാമെന്നാണ് നിഗമനം.
യുബി ഗ്രൂപ്പിലെ ചുമതലപ്പെട്ടയാള്‍ സ്വര്‍ണം പൊതിഞ്ഞതായി എഴുതിനല്‍കിയ കണക്കുകള്‍ മാത്രമാണു നേരത്തേ ദേവസ്വം ബോര്‍ഡ് കൈമാറിയിരുന്നത്. സ്വര്‍ണം പൊതിഞ്ഞത് പരിശോധിച്ചു ബോധ്യപ്പെട്ട് ശബരിമല ഡവലപ്‌മെന്റ് പ്രോജക്ട് ചീഫ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട മഹസര്‍ രേഖ കിട്ടിയിരുന്നില്ല. ഈ ആധികാരിക രേഖയാണ് ഇന്നലെ കണ്ടെടുത്തത്.
അതേസമയം സ്വര്‍ണക്കവര്‍ച്ചക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. പോറ്റിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാനായി റാന്നി കോടതിയില്‍ എസ്‌ഐടി പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിച്ചു. ഇത് 3നു കോടതി പരിഗണിക്കും. നടപടിക്രമങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു പൂര്‍ത്തിയാക്കിയത്. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പോറ്റിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നു പിടിച്ചെടുത്ത തൊണ്ടിമുതല്‍ കോടതിയില്‍ എസ്‌ഐടി ഹാജരാക്കി. രണ്ടു കേസിലും പ്രതിയായ മുരാരി ബാബുവിനെ കസ്റ്റഡി കാലാവധിയുടെ അവസാനദിനമായ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി നീട്ടണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടില്ല. ഇതോടെ പ്രതിയെ തിരുവനന്തപുരത്തെ സ്‌പെഷല്‍ സബ് ജയിലിലേക്കു റിമാന്‍ഡിലയച്ചു. തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നാണു സൂചന.
ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേല്‍ക്കൂര മുഴുവന്‍ സ്വര്‍ണം പാകിയതു താനാണെന്ന് ഈ വര്‍ഷം ജൂണില്‍ നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ വിജയ് മല്യ വ്യക്തമാക്കിയിരുന്നു. ദൈവവിശ്വാസിയാണോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
''തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ എല്ലാം എളിയ സംഭാവനകളും നല്‍കിയിട്ടുണ്ട്. കേരളത്തിലെ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിലും സ്വര്‍ണം പതിച്ചു. പുറമെ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുന്‍ഭാഗം മുഴുവന്‍ സ്വര്‍ണം പാകി. മൂകാംബിക ക്ഷേത്രത്തിലെ കൊടിമരവും സ്വര്‍ണം പൂശി നല്‍കി,'' മല്യ എണ്ണിപ്പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപാളികള്‍ ചെമ്പുപാളികളായി മാറിയതിനെക്കുറിച്ചുള്ള വിവാദം കത്തിപ്പടരുന്നതിന് ഇടയിലാണ് വിജയ് മല്യയുടെ പോഡ്കാസ്റ്റ് അഭിമുഖം വീണ്ടും വൈറലാകുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മല്യ ഇംഗ്ലണ്ടിലാണ് താമസം. വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പ എടുത്തതിന്റെ പേരില്‍ കേസുകള്‍ നേരിടുന്ന മദ്യ വ്യവസായി 2016 ല്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഈ വര്‍ഷം ജൂണില്‍ രാജ് ഷമാനിയുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വ്യവസായ സാമ്രാജ്യം തകര്‍ന്നതിനെ കുറിച്ചും ദൈവ വിശ്വാസത്തെ കുറിച്ചുമൊക്കെ വിജയ് മല്യ വിശദീകരിച്ചത്. നാല് ദിവസം കൊണ്ട് ഈ അഭിമുഖം രണ്ടു കോടി എട്ട് ലക്ഷം പേരാണ് കണ്ടത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ മല്യക്കെതിരെ ചുമത്തിയിട്ടുണ്ട്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും അദ്ദേഹത്തിന്റെ മറ്റ് ചില കമ്പനികളും കോര്‍പറേറ്റ്, സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതായും ആരോപിക്കപ്പെടുന്നുണ്ട്. 2010 മുതല്‍ 2016 വരെ മല്യ രാജ്യസഭാംഗം ആയിരുന്നു. കാലാവധി തീരുന്നതിന് ഏതാനും മാസങ്ങള്‍ അവശേഷിക്കെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് അദ്ദേഹം നാടുവിട്ടത്.
https://www.facebook.com/Malayalivartha

























