നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...

നേപ്പാളിന്റെ പുതുതായി നിയമിതയായ ജീവിക്കുന്ന ദേവതയായ കുമാരി ആര്യതാര ശാക്യ. അവളെ രക്ഷിതാക്കളിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടു വരുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇനി ആ രക്ഷിതാക്കൾക്ക് ഈ കുഞ്ഞിനുമേൽ യാതോരുവിധ അധികാരവുമില്ല. കാരണം നേപ്പാളിലെ പുതിയ മനുഷ്യ ദൈവമാണിത്. 'കുമാരി ' . ഹിന്ദുത്വവും ബുദ്ധമതവും ഒരുപോലെ പിൻപറ്റുന്ന നുവാരി സമൂഹത്തിലെ ഷാക്യവംശക്കാരിയായ ഈ കുഞ്ഞ് നേപ്പാളികൾ ആരാധിക്കുന്ന ദുർഗയുടെ പ്രതിരൂപമായ തലേജു ദേവിയാണ് ഇനി.
ഐതീഹ്യം ഇങ്ങനെ.... പണ്ടൊരിക്കൽ നേപ്പാൾ രാജാവ് ദേവിയുമായി പകിട കളിക്കുകയായിരുന്നു. രാജാവിന് തന്നോട് കാമതൃഷ്ണ ഉണ്ടെന്ന് മനസ്സിലാക്കിയ ദേവി കോപാകുലയാവുന്നു. രാജാവ് മാപ്പ് ചോദിക്കുന്നു. സാക്യവംശത്തിലെ പെൺകുഞ്ഞ് ജനിച്ച് രജസ്വലയാകുന്നത് വരെ താൻ അവളുടെ ദേഹത്ത് ഉണ്ടാകുമെന്ന് പറഞ്ഞ് ദേവി അപ്രത്യക്ഷയാകുന്നു. അതിനുശേഷമാണ് ഷാക്യവംശത്തിൽ ഇങ്ങനെ ദേവിക്കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയത്. ഈ ദേവിതിരഞ്ഞെടുപ്പ് എളുപ്പമല്ല. അതികഠിനവുമാണ്. രണ്ടോമൂന്നോ വയസ്സുള്ള പെൺകുഞ്ഞിനെ കിട്ടണം.
ആ കുഞ്ഞിന്റെ മൂന്നുതലമുറ വംശത്തിൽ നിന്ന് പുറത്ത് പോയി വിവാഹം കഴിച്ചിട്ടുണ്ടാവരുത്. രാജാവിന്റെ ജാതകവുമായി ജാതകം ചേരണം.. ജനിച്ചിട്ട് ഇതുവരെ ഒരു മുറിവ് പോലും പറ്റാത്ത ശുദ്ധശരീരം. നിറം. തിളക്കമുള്ള ചർമ്മം ..... അങ്ങനെ നൂറായിരം നിബന്ധനകൾ. പിന്നെ..., പ്രയാസമേറിയ 32 ലക്ഷണങ്ങൾ തികഞ്ഞ് കിട്ടണം. അത് ഏതാണ്ട് ഇങ്ങനെ .. മാനിന്റെ പോലുള്ള കാലുകൾ, അരയന്നത്തിന്റെ ശ്രുതിമധുരമായ ശബ്ദം., ആൽമരം പോലുള്ള ശരീരം, സിംഹത്തിന്റെ പോലുള്ള നെഞ്ച്, പശുവിന്റെ പോലുള്ള കൺപീലികൾ.. അങ്ങനെ പോവുന്നു ഉപമാലങ്കാരങ്ങൾ .
ഇതൊക്കെ ഒത്തുവരുന്ന കുട്ടിയെ കിട്ടിയാൽ രക്ഷിതാക്കളിൽ നിന്ന് ആ കുഞ്ഞിനെ രാജപുരോഹിതന്മാരും ബുദ്ധപുരോഹിതരും ഏറ്റെടുക്കും .
പിന്നീട് ദൈർഘ്യമേറിയ നിരവധി പൂജാതാന്ത്രിക ചടങ്ങുകൾ കുഞ്ഞ് ആ അപരിചിതർക്ക് ഒപ്പം താണ്ടണം. ഒടുക്കം കുഞ്ഞിനെ ഒരു മുറിയിലേക്ക് കൊണ്ടുപോകും. 108 എരുമകളെയും ആടുകളെയും ആ മുറിയിൽ വച്ച് ബലി നൽകുമ്പോൾ അവൾ കാഴ്ചക്കാരിയായി നിൽക്കണം. അവൾ കരയില്ല എന്നതത്രെ ദേവി ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണം. പിന്നെ നിരവധി ആഭരണങ്ങൾക്കിടയിൽ നിന്ന് പഴയ ദേവിയുടെ ആഭരണം തൊട്ട് കാണിക്കണമെത്രെ..അതുകഴിഞ്ഞാൽ അന്ന് രാത്രി മുഴുവൻ ചോരയൊലിക്കുന്ന ആ മൃഗത്തലകൾക്ക് ഒപ്പം ഇരുട്ടു മുറിയിൽ ഒറ്റയ്ക്ക് കഴിയണം.. രാത്രി മുഴുവൻ കുട്ടിയെ ഭയപ്പെടുത്താൻ മുഖംമൂടി ധരിച്ച പുരുഷന്മാർ ചുറ്റും നൃത്തം ചെയ്യും.. എന്നിട്ടും കുട്ടി കരയുന്നില്ലെങ്കിൽ ഇത് തന്നെ ദേവിയെന്ന് തീരുമാനമാക്കുന്നു..(ഉറങ്ങാനോ മയങ്ങാനോ ഉള്ള വല്ലതും കുഞ്ഞിന് കൊടുക്കുന്നുണ്ടാവണം)
ഇതോടുകൂടി കഷ്ടപ്പാട് തീർന്നു എന്നാണോ വിചാരം . ഇല്ല. തുടങ്ങുന്നേയുള്ളൂ.
പിന്നീട് ഈ പെൺകുട്ടി രജസ്വല ആവുന്നത് വരെ അവൾക്ക് നിലം ചവിട്ടാൻ അധികാരമില്ല. അവളെ എടുത്തുകൊണ്ടാണ് നടക്കുക .അല്ലെങ്കിൽ പല്ലക്കിൽ. കുട്ടിയെ കാല് നിലത്ത് കുത്താൻ അനുവദിക്കണം. ബേസിക് വിദ്യാഭ്യാസം നൽകണം എന്നൊക്കെ സുപ്രീം കോടതി വിധിയുണ്ടെങ്കിലും 'വിശ്വാസം 'ഇപ്പോഴും കുട്ടിയെ എടുത്തു കൊണ്ട് നടക്കുന്നതായാണ് ചിത്രങ്ങൾ പറയുന്നത്. ഇരുട്ടുനിറഞ്ഞ അകത്തളമുള്ള 'കുമാരി ചെഹ് ' എന്ന ദേവി ഗൃഹത്തിൽ കെയർടേക്കർക്ക് ഒപ്പം ഇനി അവൾ വർഷങ്ങൾ തള്ളി നീക്കണം. ഉത്സവദിവസങ്ങളിൽ മാത്രമേ പുറംലോകം കാണൂ. അതും പോരാഞ്ഞ് തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ആ കുഞ്ഞിന് തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനാവില്ല.
കാരണം അവൾ ആരെയെങ്കിലും നോക്കി ചിരിച്ചാലോ കരഞ്ഞാലോ അവർക്ക് മരണം ഉറപ്പാണ് എന്നാണ് വിശ്വാസം . ആരെയെങ്കിലും നോക്കി തലയാട്ടിയാൽ അനർത്ഥം വരുന്നു എന്നാണ് അർത്ഥം. ആഹാരം കൂടുതൽ ചോദിച്ചാൽ ധനനഷ്ടവും ക്ഷാമവും . അങ്ങനെ എല്ലാത്തിനും അർത്ഥങ്ങൾ.. അതൊക്കെ കൺട്രോൾ ചെയ്യാൻ കുഞ്ഞിനെ പഠിപ്പിക്കും. കളിക്കൂട്ടുകാരില്ലാതെ, രക്ഷിതാക്കളെ കാണാതെ, വിദ്യഭ്യാസമില്ലാതെ ആദ്യ ആർത്തവം വരെ അങ്ങനെ കുഞ്ഞ് ദൈവീകതടവു ജീവിതത്തിലാണ്.. ആദ്യ ആർത്തവമായാൽ ക്ഷേത്രത്തിന്റെ പിൻ വാതിലൂടെ അവൾ പടിയിറങ്ങുമ്പോൾ മുൻ വാതിലിലൂടെ മറ്റൊരു രണ്ട് വയസ്സുകാരി നിസ്സഹായയായി തന്റെ കുട്ടിക്കാലം ദയനീയമായി എരിച്ചു കളയാൻ കയറി വരും... അല്ല , വിശ്വാസികൾ വരുത്തും.
ഈ മഹാ നവമിയ്ക്ക് പടിയിറങ്ങിയവൾ ഇനി ആദ്യം ഭൂമിയിൽ നടക്കാൻ പഠിക്കണം. ഒരു സാധാരണജീവിതം അവൾക്ക് ലഭ്യമാകാൻ വലിയ പണിയാണ്. ആദ്യകാലങ്ങളിൽ ദേവിയായവളെ ആരും കല്യാണം കഴിച്ചിരുന്നില്ല. കല്യാണം കഴിച്ചവൻ മരിച്ചുപോകും എന്ന വിശ്വാസം കൊണ്ട്. ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ടെന്ന് കേൾക്കുന്നു. ആദ്യകാലങ്ങളിൽ ഇവർക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. ഇപ്പൊ കളിക്കാൻ കളിപ്പാട്ടം നൽകാറുണ്ട്. ഇത്തിരി നേരം ടി വി കാണാൻ സമ്മതിക്കും എന്നൊക്കെയാണ് പരിഷ്ക്കാരം. കൂടാതെ പടിയിറങ്ങിപ്പോയ ദേവിയ്ക്ക് സർക്കാർ വക ആ ജീവനാന്ത പെൻഷനും സമൂഹത്തിന്റെ ബഹുമാനവും കിട്ടും. ലോകത്ത് എവിടെയും കുട്ടികളും സ്ത്രീകളും ആണ് ഇത്തരം അനാചാരങ്ങൾക്കും അതിക്രമങ്ങൾക്കും എളുപ്പത്തിൽ ഇരയാകുന്നത്.
ഈ ദേവതാ പദവി പെൺകുട്ടി ഋതുമതിയാകുന്നതു വരെ മാത്രമാണ്. ഇപ്പോൾ ദേവതയായി പ്രതിഷ്ഠിക്കപ്പെടുന്ന ഈ പൈതൽ ഭാവിയിൽ ഋതുമതിയാകുന്നതോടെ കേവലം മർത്യസ്ത്രീയായി പരിഗണിക്കപ്പെടും.ഇക്കഴിഞ്ഞ സെപ്റ്റംബർ 30 നാണ് നേപ്പാളിന്‍റെ പുതിയ ജീവിക്കുന്ന ദേവതയായി കുമാരി ആര്യതാര ശാക്യയെ തെരഞ്ഞെടുത്തത്. മുൻ കുമാരിദേവത തൃഷ്ണ ശാക്യ നേപ്പാളിലെ ഇന്ദ്രജാത്ര ഉത്സവ വേളയിൽ മുൻ കുമാരിയെ ഭക്തർ വലിക്കുന്ന ഒരു രഥത്തിൽ ഇരുത്തി ചുറ്റിക്കറങ്ങി. ഇപ്പോൾ മുൻ കുമാരി തൃഷ്ണ ശാക്യയ്ക്ക് പതിനൊന്നു വയസാണ് പ്രായം. 2017ലാണ് അവൾ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുക്കപ്പെട്ടത്.കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടി എപ്പോഴും ചുവന്ന വസ്ത്രമേ ധരിക്കാവൂ. മുടി മുകളിൽ കെട്ടി ഉറപ്പിക്കണം. നെറ്റിയിൽ ഒരു മൂന്നാം കണ്ണ് വരച്ചിരിക്കണം. കുമാരിയായി തെരഞ്ഞെടുത്താൽ പിന്നെ വർഷങ്ങളോളം നേപ്പാളിലെ കാഠ്മണ്ഡുവിലെ ക്ഷേത്ര കൊട്ടാരമായ കുമാരി ഘർ ആയിരിക്കും കന്യക ദേവതയുടെ വാസസ്ഥലം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഭക്തരും പുതിയ കുമാരിയെ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ പ്രദക്ഷിണം വച്ചാണ് ക്ഷേത്ര കൊട്ടാരത്തിൽ പ്രവേശിക്കുന്നത്.
വിശ്വാസത്തിന്റെ പേരിൽ, ദൈവികതയുടെ പേരിൽ, കുഞ്ഞിന്റെ ജീവിതം മുഴുവൻ അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹം...
അവളുടെ ചിരിക്കും കരച്ചിലിനും പോലും അർത്ഥം കൂട്ടിയിടുന്ന ആ അന്ധവിശ്വാസം — ഇത് മതമല്ല, മനുഷ്യനിഷ്ഠയുടെ പരാജയമാണ്.
ദേവിയെ കാണാനെന്ന പേരിൽ, ഒരുപാട് പേരാണ് അവളുടെ മുൻപിൽ തലകുനിക്കുന്നത്. പക്ഷേ, ആരെങ്കിലും ഒരിക്കൽ അവളുടെ കണ്ണിലേക്കു നേരെ നോക്കി ചോദിച്ചിട്ടുണ്ടോ — “നിനക്ക് കളിക്കണം എന്ന് തോന്നുന്നില്ലേ?” “അമ്മയെ കാണണമെന്നു തോന്നുന്നില്ലേ?”
കുട്ടിയെ ദൈവമാക്കുന്നത് മഹിമയല്ല... ഒരു കുഞ്ഞിൽ നിന്നു ബാല്യം കവർന്നെടുക്കുന്നത് ഒരു സമൂഹം ചെയ്യുന്ന കുറ്റകൃത്യമാണ്.
വിശ്വാസത്തിന്റെ തിരശ്ശീലക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അന്ധതയാണ് ഇത്. അതുകൊണ്ടാണ് ഇന്നും ഒരു കുഞ്ഞ് ചിരിയ്ക്കാതെ, കരയാതെ, നിലം ചവിട്ടാതെ ദൈവമെന്ന പേരിൽ തടവിലായിരിക്കുന്നത്. പുതിയ തലമുറയുടെ ചോദ്യങ്ങൾ ഈ മതിലുകൾ തകർക്കട്ടെ.
വിശ്വാസം മനുഷ്യനായി നിലനിൽക്കട്ടെ — മനുഷ്യനെ വിഴുങ്ങുന്ന മതിലായി അല്ല. ഇതായിരുന്നു നേപ്പാളിലെ പുതിയ ജീവിക്കുന്ന ദേവതയായ കുമാരി ആര്യതാര ശാക്യയുടെ പിന്നാമ്പുറം — ഒരു കുഞ്ഞിന്റെ ബാല്യം, ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ കഥ.
https://www.facebook.com/Malayalivartha