ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിലായി. വാസുവിന്റെ പേരുള്ളത് മൂന്നാം പ്രതി സ്ഥാനത്താണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്.
കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്യും.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ ശുപാർശയിലാണ് എന്നതടക്കമുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയാകും റിപ്പോർട്ട് സമർപ്പിക്കുക. നേരത്തെ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു.
വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും സ്വർണക്കൊള്ള നടന്ന് മാസങ്ങൾക്കുശേഷം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. ദ്വാരപാലക ശിൽപങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികൾ പൂർത്തിയാക്കിയശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാനായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിട്ടുണ്ടായിരുന്നു. 2019 ഡിസംബർ ഒമ്പതിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്ക് വന്നിരുന്നുവെന്ന് വാസുവും പിന്നീട് സമ്മതിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























