ഒടുവിൽ കേന്ദ്രത്തിനു കത്തയച്ച് സർക്കാർ ;പിഎം ശ്രീ നടപ്പിലാക്കില്ല,തീരുമാനം സിപിഐയുടെ അതൃപ്തിക്ക് പിന്നാലെ

പിഎം ശ്രീ പദ്ധതി സംസ്ഥാനത്തു താല്‍ക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിനു കത്തു നല്‍കി സര്‍ക്കാര്‍. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രി കണ്ടിരുന്നു. ഇതേതുടർന്ന് ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. പദ്ധതിയെക്കുറിച്ചു പഠിക്കാനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാന്‍ തീരുമാനിച്ചുവെന്നും സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതു വരെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കാന്‍ കഴിയില്ലെന്നും കാട്ടിയാണ് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കത്തു നല്‍കിയത്. അതേസമയം, ഒപ്പിട്ട ധാരണാ പത്രത്തില്‍നിന്നു പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ എന്നതു കാത്തിരുന്നു കാണേണ്ടിവരും. പദ്ധതിയില്‍ ഒപ്പിട്ടതിനു പിന്നാലെ 92 കോടി രൂപ കേന്ദ്രം കേരളത്തിനു നല്‍കിയിരുന്നു. ബാക്കി തുക കൂടി അടുത്തു തന്നെ ലഭിക്കാനിരിക്കെയാണ് ഇപ്പോള്‍ കത്തു നല്‍കിയിരിക്കുന്നത്.
പിഎം ശ്രീ മരവിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിട്ടും കത്ത് അയയ്ക്കാന്‍ വൈകുന്നതില്‍ സിപിഐ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് കത്ത് അയച്ചത്. കഴിഞ്ഞ മാസം മന്ത്രിസഭയിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഡല്‍ഹിയിലെത്തി കരാര്‍ ഒപ്പിട്ടതു വന്‍ വിവാദമായിരുന്നു. വിഷയത്തില്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ എന്നും ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്നുമുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചത്.
സിപിഎമ്മും സര്‍ക്കാരും വഴങ്ങാതെ വന്നതോടെ മന്ത്രിസഭയില്‍നിന്നു വിട്ടു നില്‍ക്കുമെന്ന ബ്രഹ്മാസ്ത്രം സിപിഐ പുറത്തെടുത്തു. ഇതോടെ ദേശീയ നേതൃത്വങ്ങള്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സിപിഎം മുട്ടുമടക്കുകയായിരുന്നു. പദ്ധതി തല്‍ക്കാലം മരവിപ്പിക്കാനും മന്ത്രിസഭാ ഉപസമതി വിഷയം പഠിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതു സംബന്ധിച്ച കത്താണ് ഏറെ ദിവസങ്ങള്‍ക്കു ശേഷം കേന്ദ്രത്തിനു നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയതു മന്ത്രിസഭാ തീരുമാനമാണെന്നും എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന്റെ അവകാശമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
https://www.facebook.com/Malayalivartha

























