എൻ.വാസുവിനെയും വാസുവിനെ പിടിച്ച പോലീസുകാരെയും നിരീക്ഷിക്കാൻ സ്വന്തം പോലീസിനെ നിയോഗിച്ച് പിണറായി സർക്കാർ.വാസുവിന്റെ വായിൽ നിന്നും അബദ്ധങ്ങൾ വീഴാതിരിക്കാനും അഥവാ വീണാൽ സർക്കാരിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്. കാരണം വാസു മൊഴിഞ്ഞാൽ 2026 ലെ മൂന്നാം തുടർച്ച നശിച്ച് നാമാവശേഷമാകും. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായതോടെ ശബരിമല സ്വർണക്കവർച്ചയിൽ ഉന്നതന്മാർ കുടുങ്ങുമെന്ന് ഉറപ്പായി. സ്വർണക്കൊള്ളയ്ക്കു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ശ്രീകോവിലിലെ കട്ടിളപ്പടി പൊതിഞ്ഞിരുന്ന സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയണ് വാസു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടാംവട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനാരോഗ്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരാകുന്നതിൽ നിന്നൊഴിഞ്ഞെങ്കിലും നിർബന്ധപൂർവം വിളിച്ചുവരുത്തുകയായിരുന്നു. വാസുവിന്റെ പങ്കിനെക്കുറിച്ച് പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു നടപടി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള കട്ടിള, സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസർ ബോർഡിന് നൽകിയ കത്തിലുണ്ടായിരുന്നു.ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കി. ഇതാണ് വാസുവിന് കുരുക്കായത്.സ്വർണം പൊതിഞ്ഞ കട്ടിള ചെമ്പെന്ന പേരിൽ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചതിലെ ഗൂഢാലോചനയിൽ നിർണായക പങ്കാണ് വാസുവിനുള്ളതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പാളികൾ പോറ്റിക്ക് കൈമാറാൻ ബോർഡ് തീരുമാനിച്ചത് വാസുവിന്റെ ശുപാർശയിലാണ്. 2019 ഫെബ്രുവരി 26ന് വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ച് 19ലെ ബോർഡ്‌യോഗം പോറ്റിയുടെ കൈയിൽ പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചത്. ഇതുപ്രകാരം ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വർണപ്പാളികൾ കടത്തിയത്. പിന്നീട് ദ്വാരപാലക ശില്പപാളികളുടെ കാര്യത്തിലും ഇതേ തട്ടിപ്പ് ആവർത്തിച്ചു.2019ൽ ശബരിമല സ്വർണക്കൊള്ളയുടെ തുടക്ക കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു 7 മാസങ്ങൾക്കു ശേഷം ദേവസ്വം പ്രസിഡന്റായി വന്നപ്പോഴും തട്ടിപ്പിന്റെ വഴികൾ ശബരിമലയിൽ തുടരുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ വാസുവിന്റെ പങ്കും വ്യക്തമായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ പ്രതിസ്ഥാനത്തുള്ള അതേ ഉദ്യോഗസ്ഥർ നൽകിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഒടുവിൽ വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവിടെയാണ് കഥയിൽ ട്വിസ്റ്റുണ്ടായത്. കമ്മീഷണർ മാത്രമായിരുന്ന വാസു എങ്ങനെയാണ് പ്രസിഡന്റായത്? ദേവസ്വം പ്രസിഡന്റായിരുന്നു കൊണ്ട് ശബരിമലയെ തന്നെ ഇളക്കി പ്രതിഷ്ഠ നടത്താനായിരുന്നോ വാസുവിന്റെ ഐഡിയ ? സർക്കാരിന്റെ വിശ്വസ്തരെ മാത്രം നിയോഗിക്കുന്ന തസ്തികയിൽ എങ്ങനെയാണ് വാസു എത്തിയത്? ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഒഴിവുണ്ടായപ്പോൾ വാസുവിനെ നിയമിക്കാൻ സി പി എം തീരുമാനിച്ചിരുന്നില്ല. അത് സർക്കാർ തീരുമാന പ്രകാരമാണ് നടന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. രാഷ്ട്രീയക്കാരെ നിയമിക്കുന്ന തസ്തികയിൽ വാസുവിനെ എന്തിന് നിയമിച്ചു എന്നാണ് ചോദ്യം.കമ്മീഷണർ വാസു ലോട്ടറിയടിച്ചതു പോലെ പ്രസിഡന്റായതിൽ പിണറായിസർക്കാരിൽ ആർക്കാണ് നേട്ടം എന്ന് മാത്രമാണ് അറിയാനുള്ളത്. ആരു ചോദിച്ചില്ലെങ്കിലും ഇക്കാര്യം ഹൈക്കോടതി ചോദിക്കും. എൻ.വാസുവിന്റെ അറസ്റ്റോടെ അടുത്തതാര് എന്നത് അന്വേഷണസംഘം ഉടൻ ഹൈക്കോടതിയിൽ അറിയിക്കേണ്ടിവരും. ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നാണു വിവരം. കട്ടിളപ്പടിയിലെ സ്വർണക്കവർച്ചക്കേസിൽ നാലും അഞ്ചും ആറും പ്രതികൾ അറസ്റ്റിലായിട്ടും മൂന്നാം പ്രതിയായ വാസുവിന്റെ അറസ്റ്റ് വൈകിയതിൽ വിമർശനമുയർന്നിരുന്നു. വാസുവിന്റെ മൊഴിപ്രകാരം 2019ലെ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കുമെതിരായ നടപടിയിലേക്കു പോകാതിരിക്കാൻ അന്വേഷണസംഘത്തിനു കഴിയില്ല. ഏഴാം പ്രതി അസിസ്റ്റന്റ് എൻജിനീയറും എട്ടാം പ്രതി 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളുമാണ്. ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ ഉടനെ ചോദ്യം ചെയ്യുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നുണ്ട്. പത്മകുമാറിനെയും അറസ്റ്റ് ചെയ്യാം. 2019ൽ വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണ് ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ ഇളക്കിയെടുത്ത് കേരളത്തിനു പുറത്തേക്കു കടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ശ്രീകോവിൽ വാതിൽ കട്ടിളകളിലെ സ്വർണപ്പാളി ഇളക്കി തട്ടിപ്പിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു നൽകാൻ അനുമതി തേടി 2019 ഫെബ്രുവരി 16ന് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്ന ഡി.സുധീഷ് കുമാർ വാസുവിനു നൽകിയ കത്തിൽ കട്ടിള പൊതിഞ്ഞുള്ള ചെമ്പ് (മുൻപ് സ്വർണം പൂശിയിട്ടുള്ളത്) എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ വാസു അനുമതിക്കായി ദേവസ്വം ബോർഡിനു നൽകിയ കത്തിൽ ‘സ്വർണം പൂശിയത്’ എന്നത് ഒഴിവാക്കി ‘ചെമ്പ് പാളി’ എന്നു മാത്രമാക്കി. സ്വർണപ്പാളി രേഖാമൂലം ചെമ്പായി മാറിയതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. എന്നാൽ തന്റെ ഓഫിസിലെ 2 ഓഫിസർമാരാണ് ഇത്തരത്തിൽ കുറിപ്പ് തയാറാക്കിയതെന്നായിരുന്നു വാസുവിന്റെ വാദം.പിന്നീട് 2019 നവംബറിൽ വാസു ദേവസ്വം ബോർഡ് പ്രസിഡന്റായ ശേഷം ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റി അദ്ദേഹത്തിന് ഇമെയിൽ അയച്ചിരുന്നു. ദ്വാരപാലക ശിൽപങ്ങളിലും ശ്രീകോവിലിന്റെ വാതിലിലും സ്വർണം പൂശിയ ശേഷം കയ്യിൽ ബാക്കിയായ സ്വർണം ദേവസ്വം ബോർഡുമായി സഹകരിച്ച് ഏതെങ്കിലും പെൺകുട്ടികളുടെ വിവാഹത്തിന് നൽകുന്നതിൽ അഭിപ്രായം തേടുകയായിരുന്നു മെയിലിലൂടെ. അസാധാരണമായ മെയിൽ ആയിട്ടും അതിൽ തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും റിപ്പോർട്ട് തേടി കയ്യൊഴിഞ്ഞ വാസു പിന്നീട് അന്വേഷണമോ തുടർ നടപടികളോ ഇല്ലാതെ ദുരൂഹമായ ഈ സംഭവത്തിൽ കണ്ണടച്ചു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പരിചയ സമ്പന്നനായിട്ടും അത്തരം ഒരു മെയിലിൽ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നായിരുന്നു വാസു പറഞ്ഞത്.ശബരിമല സ്വർണക്കൊള്ളയിൽ തന്റെ നേതൃത്വത്തിലുള്ള ബോർഡ് പ്രതിസ്ഥാനത്തല്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഹൈക്കോടതിയുടെ പരാമർശത്തിൽ ബോർഡ് പ്രതിസ്ഥാനത്ത് എന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണ്. എൻ.വാസുവിന്റെ അറസ്റ്റിൽ പ്രതികരിക്കാൻ പ്രശാന്ത് തയാറായില്ല. പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് പോറ്റി ഇ-മെയിൽ അയച്ചതെന്നും സന്നിധാനത്തെ സ്വർണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമുള്ള വാസുവിന്റെ വിശദീകരണം എസ്.ഐ.ടി തള്ളി. പോറ്റിയുടെ ചെലവിൽ സ്വർണം പൂശാനാണ് ബോർഡുമായുള്ള കരാറെന്നും ഈ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് കരുതിയതെന്നുമാണ് വാസു മൊഴി നൽകിയത്. ഇ-മെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി തിരിച്ചു നൽകി. അതിൽ എന്ത് നടപടിയുണ്ടായെന്ന് അറിയില്ലെന്നും വാസു മൊഴി നൽകി. ഇത് കള്ളമാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.ശബരിമല കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവാണെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടൽ നടത്തി. മൂന്നാം പ്രതിയായ വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
അതേസമയം കേസിൽ റിമാൻഡിലായതോടെ നിർവികാരനായി തലകുനിച്ചാണ് എൻ. വാസു കോടതിയിൽ നിന്ന് മടങ്ങിയത്. റിമാൻഡ് ചെയ്തെന്ന് അറിയിച്ചപ്പോൾ മൗനിയായി തലകുനിച്ചു. കൊട്ടാരക്കര ജയിലിലേക്ക് പോകാൻ പൊലീസ് വലയത്തിൽ പുറത്തേക്കിറങ്ങി. എന്തെങ്കിലും പറയാനുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.സ്വർണംപൂശിയ പാളികൾ എങ്ങനെ ചെമ്പായി മാറി എന്നതിനുള്ള ഉത്തരമാണ് സുധീഷ്‌കുമാറിൽനിന്ന് അന്വേഷണസംഘം തേടിയത്. എല്ലാം മുകളിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നു എന്നായിരുന്നു സുധീഷ്‌കുമാറിന്റെ മൊഴി. തെളിവുകൾ നിരത്തിയുള്ള അന്വേഷണത്തിൽ അത് വാസുവായിരുന്നു എന്ന് വ്യക്തമായി. കട്ടിളപ്പാളിയിലെ സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പ് എന്ന് എഴുതാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന വാസുവായിരുന്നു എന്നാണ് വിവരം. ഈസമയം ഉദ്യോഗസ്ഥരെയെല്ലാം വാസുവാണ് നിയന്ത്രിച്ചിരുന്നത്. മഹസർ തയ്യാറാക്കിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ ആറാം പ്രതിയുമായ മുരാരി ബാബുവായിരുന്നു. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഫയലിൽ കുറിച്ചു.പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് അന്നത്തെ ദേവസ്വംബോർഡ് ഭാരവാഹികളുടെ അറിവോടെയായിരുന്നു. എ. പമ്ദകുമാർ പ്രസിഡന്റും കെ.ടി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവർ അംഗങ്ങളുമായിരുന്നു.
2018 ഫെബ്രുവരി ഒന്നുമുതൽ 2019 മാർച്ച് 31വരെ വാസുവായിരുന്നു കമ്മിഷണർ. ഈ പദവിയിൽ രണ്ടാംവട്ടവുമായിരുന്നു. കമ്മിഷണർ സ്ഥാനത്തു നിന്ന് മാറി എട്ടരമാസം കഴിഞ്ഞപ്പോൾ അദ്ദേഹം ബോർഡ് പ്രസിഡന്റായി. ഈ സമയം സുധീഷ് കുമാറായിരുന്നു പഴ്‌സണൽ അസിസ്റ്റന്റ്.ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിയ സംഭവത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു തുടക്കംമുതൽ വാസുവിന്റെ വാദം. എന്നാൽ, കട്ടിളപ്പാളികളുടെ കാര്യം വന്നപ്പോൾ വ്യക്തമായ മറുപടി പറയാതെ മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി.പാര്‍ട്ടിക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു വാസു. കൊല്ലം ജില്ലയിലെ കുളക്കട സ്വദേശിയാണ് എന്‍. വാസു. 1988 കുളക്കട പഞ്ചായത്ത് പ്രസിഡന്റായി. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്നു. ഇടക്കാലത്ത് വിജിലന്‍സ് ട്രിബ്യൂണലായി . 2006-ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ. ഗുരുദാസന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2010-ലും 2018-ലുമായി ഇടതുസര്‍ക്കാരിന്റെ കാലത്ത് രണ്ടുവട്ടം ദേവസ്വം കമ്മിഷണറായി, ശബരിമല യുവതീ പ്രവേശനവിധി വരുമ്പോള്‍ കമ്മിഷണര്‍ സ്ഥാനത്തിരുന്നു. യുവതീ പ്രവേശനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ബോര്‍ഡില്‍ അതിനനുകൂലമായിനിന്ന മുന്നണിപ്പോരാളിയാണ് വാസു. പ്രസിഡന്റിനെക്കാള്‍ ശക്തനായ വാസുവാണ് ഭരണം നിയന്ത്രിച്ചത്.സ്വർണകൊള്ളയിൽ സി പി എം നേതാക്കൾക്കോ ബോർഡുകൾക്കോ പങ്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ് വാസു അറസ്റ്റിലായത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. ഇത് വൈകിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഹൈക്കോടതി നിർദ്ദേശാനുസരണം നിയമിതരായ അന്വേഷണ സംഘത്തെ സംബന്ധിച്ചടത്തോളം സർക്കാരിനെക്കാൾ പ്രധാനമാണ് കോടതി. അന്വേഷണ സംഘം സർക്കാരിനെ അനുസരിക്കുന്നില്ലെന്നാണ് കേൾക്കുന്നത്. പോലീസിന്റെ ഉന്നത തലത്തിൽ സർക്കാരിന് വിശ്വസ്തരില്ലാത്തതുകാരണം ഉന്നതഉദ്യോഗസ്ഥരുമായി സംസാരിക്കാൻ കഴിയുന്നില്ല. എം ആർ അജിത് കുമാർ പോലീസ് തലപ്പത്ത് ഉണ്ടായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി വിശശിക്ക് ഇത്തരം കാര്യങ്ങളിൽ കൃത്യമായ റോൾ ഉണ്ടായിരുന്നു. അജിത് കുമാർ പോലീസിന്റെ മുന്നണിയിൽ നിന്നും ഏതാണ്ട് അപ്രത്യക്ഷമായ മട്ടാണ്. അതിനാൽ പി ശശി ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടുന്നില്ല.സ്വരണ മോഷണത്തിൽ പങ്കാളിയായ നേതാക്കൾക്കെല്ലാം ഹൃദയസ്തംഭനം ഉണ്ടാവാൻ പോകുന്ന വാർത്തയാണ് പുറത്തുവരാനുള്ളത്. അതിൽ ആരൊക്കെ കുടുങ്ങുമെന്ന് മാത്രം അറിഞ്ഞാൽ മതി ..