മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ കഞ്ഞിക്കുഴിയിലെ 'കിടുക്കാച്ചി' ഹോട്ടലിലാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് അടുക്കളയില്‍ കയറി ഹോട്ടല്‍ ഉടമയേയും ജീവനക്കാരിയേയും യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് മരുത്തോര്‍വട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു, ഗോകുല്‍ നിവാസില്‍ കമല്‍ ദാസ് എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വധശ്രമത്തിനാണ് ഇരുവര്‍ക്കും എതിരെ മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പ്രതികളെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശീതള്‍ ശശിധരന്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അനന്തുവും കമല്‍ ദാസും മുട്ടക്കറിയുടെ വില ചോദിച്ചു. ഒരു പ്ലേറ്റ് കറിക്ക് 30 രൂപയെന്ന് ഹോട്ടലുടമ മറുപടി നല്‍കി. മുട്ട മാത്രമാണെങ്കില്‍ എത്ര രൂപയെന്ന് തിരക്കിയപ്പോള്‍ 20 രൂപയെന്നും പറഞ്ഞു. അങ്ങനെയാണെങ്കില്‍ മുട്ടയും ഗ്രേവിയും മതിയെന്ന് യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് പറഞ്ഞു. എന്നാല്‍ ഇത് കേട്ടപ്പോള്‍ അങ്ങനെ നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഉടമ യുവാക്കളോട് ഹോട്ടലില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഹോട്ടലിന്റെ അടുക്കളിയിലേക്ക് കയറിയ യുവാക്കള്‍ ചപ്പാത്തി പരത്തുന്ന കോല് ഉപയോഗിച്ച് ഹോട്ടലുടമയെ മര്‍ദ്ദിച്ചു. തടയാനെത്തിയ ജീവനക്കാരിയേയും ഇവര്‍ മര്‍ദ്ദിച്ചു. താന്‍ പൊറോട്ടയ്ക്ക് മാവ് കുഴയ്ക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ ആക്രമണമെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.
https://www.facebook.com/Malayalivartha



























