എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി

കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു പിന്നാലെയാണ് നടപടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. 2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണ നീട്ടി.
നിലവില്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന്‍ വിളിച്ചുവരുത്തിയത്.
അഴിമതി പുറത്തുകൊണ്ടുവരുന്ന 'വിസില്‍ ബ്ലോവറു'ടെ റോളാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ 'ഹൂ ഈസ് ദാറ്റ്?' എന്നു ചോദിച്ച് ഫെയ്‌സ്ബുക്കില്‍ പരിഹസിക്കുകയും ചെയ്തു. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്.
https://www.facebook.com/Malayalivartha



























