സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....

ആര്യാ രാജേന്ദ്രന്റെ ഭാവി അവതാളത്തിലായി. നിയമസഭാ തിരഞ്ഞടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കാമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആര്യക്ക് നേമവും കിട്ടില്ലെന്ന് ഉറപ്പായി. വിവാദങ്ങളിലും അഴിമതിയിലും അകപ്പെട്ടതാണ് ആര്യക്ക് വിനയായത്. കഴിഞ്ഞ അഞ്ചുവർഷത്തെ കോർപ്പറേഷൻ ഭരണം പ്രതീക്ഷയ്ക്ക് വക നൽകുന്നില്ലെന്ന് സി പി എം കരുതുന്നു. നഗരസഭാ ഭരണം നിലനിർത്താൻ കഴിയുമോ എന്ന ഭയത്തിലുമാണ് സി പി എം. ആര്യയെ മുന്നിൽ നിർത്തി സി പി എം നേതാക്കൾ വെട്ടിവാരിയെങ്കിലും പാപഭാരം ആര്യയുടെ തലയിൽ മാത്രമായി.
തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയതിന്റെ ഉത്തരവാദിത്വവും ആര്യക്കായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു. എന്നിട്ട് തലസ്ഥാനനഗരത്തെ മാലിന്യത്തിൽ മുക്കി. നഗരം വെള്ളത്തിലായപ്പോൾ മേയർ ആര്യാ രാജേന്ദ്രൻ മൂന്നാറിൽ ടൂർ പോയിരിക്കുകയായിരുന്നു.
തലസ്ഥാനത്തെ സ്മാർട്ട് റോഡുകളുടെ നിർമാണം അനന്തമായി നീണ്ടു. പലതും ഒരുവർഷങ്ങളോളം പൊളിച്ചിട്ടു. പലയിടത്തും നടന്നുപോകാൻപോലും പറ്റാത്ത സ്ഥിതി. ചില വീട്ടുകാർക്ക് സഞ്ചാരസ്വാതന്ത്ര്യംപോലും നഷ്ടമായി. വീടിനുമുന്നിലെ വലിയ കുഴികൾ ചാടിക്കടന്നുവേണം പോകാൻ. പലരും കാർ വീട്ടിൽ നിന്നെടുത്തിട്ട് മാസങ്ങളായി. മഴപെയ്തതോടെ തലസ്ഥാനത്തെ യാത്രകൾ ദുസ്സഹവുമായി. മുഖ്യമന്ത്രിയും മന്ത്രിമാരും എന്നും കടന്നുപോകുന്ന തലസ്ഥാനത്തെ റോഡുകൾക്കാണ് ഈ അവസ്ഥ വന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആര്യാരാജേന്ദ്രനെതിരെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം തുടങ്ങിയത്. ആര്യാരാജേന്ദ്രൻ്റെ വളർച്ച തടയുക എന്നത് തന്നെയാണ് കാരണം. സച്ചിൻ ദേവ് എം എൽ എ യു മായി മേയർ വിവാഹിതയായതോടെ അസൂയാലുക്കൾ പടയൊരുക്കം കടുപ്പിച്ചു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ആര്യ നേമത്ത് മത്സരിക്കാൻ സാധ്യതയുണ്ട്. ഇത് ശിവൻകുട്ടി ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തി. അതു കൊണ്ടു തന്നെ ശിവൻകുട്ടിയും ആര്യക്കെതിരെ സജീവമായി രംഗത്തുവന്നു.
ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകൾ വ്യത്യസ്ത പേരുകളുമായി തലസ്ഥാനത്ത് രംഗത്തുണ്ട് . സി.പി. എം ജില്ലാ സെക്രട്ടറി ചര്‍ച്ചകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായപ്പോഴാണ് കോര്‍പ്പറേഷനിലെ കത്ത് വിവാദം ഉണ്ടായത്. ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍.അനിൽ, വാര്‍ഡ് കേന്ദ്രീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്‍.അനിലിന്റെ സമാനമായ കത്തും പുറത്തുവന്നു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കി.
കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടായിരുന്നു.. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്.
കത്തയച്ച ഒന്നാംതിയതി "എവിടെ എന്റെ തൊഴിൽ" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം.
മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ലെന്ന വാർത്തയും പുറത്തുവന്നിരുന്നു. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദൃശ്യ മാധ്യമ വാർത്താ സംഘം ജീവനക്കാരുടെ കൂടെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോയെങ്കിലും ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടേയിരുന്നു. ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഫണ്ടെവിടെ പോയി എന്നും, എന്തിനാ ഓണ്‍ലൈന്‍ അടക്കാന്‍ പോയതെന്നുമായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മറുപടി. ഇതുപോലെ നിരവധി പരാതികള്‍ തൊഴില്‍ നികുതിയായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞു.
സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയത്. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു പ്രതിസന്ധി ആദ്യത്തെ സംഭവമാണ്.
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു പാർട്ടി കരുതുന്നത്. ഈ സംഭവം ആര്യയുടെ പക്വത കുറവായി പാർട്ടി ചിത്രീകരിക്കുന്നു. ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന ആര്യയുടെ ആവശ്യം നടന്നെങ്കിലും സമ്മർദം വകവയ്ക്കാതെയാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നീങ്ങിയത് . പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലായിരുന്നു മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നിൽ. ഇതിനു പിന്നാലെ സച്ചിൻ ദേവ് എംഎൽഎ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നൽകി. . എം എൽ എയും മേയറും പറയുന്നത് മുഴുവൻ മുഖവിലക്കെടുക്കാൻ മന്ത്രി തയ്യാറല്ല. എന്നാൽ എന്തു വില കൊടുത്തും ഡ്രൈവറെ നശിപ്പിക്കാനാണ് മേയറുടെ തീരുമാനം. ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമായിരുന്നു ഗണേഷ്കുമാറിന്റെ നിലപാട്. ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്.
ആര്യാ രാജേന്ദ്രനെതിരെ സി.പി.എമ്മിൽ ഒരു വിഭാഗം പണ്ടേ സജീവമാണ്. നഗരസഭയിലെ സഖാക്കളുടെ നിയമനത്തിലാണ് ഇതിനു മുമ്പ് ആര്യ ആരോപണ വിധേയയായത്. ആര്യാ രാജേന്ദ്രനെതിരെ അതിശക്തമായ വിമർശനമാണ് അന്ന് ഇടതു മുന്നണി യോഗത്തിൽ സി പി ഐ ഉയർത്തിയത്. ആര്യാരാജേന്ദ്രൻ സർക്കാരിൻെറ ഇമേജ് തകർത്തു എന്ന ആരോപണമാണ് ഘടകകക്ഷി നേതാക്കൾ ഉയർത്തിയത്. ഇതിന് പിന്നിലും സി.പി. എം. ആയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെയാണ് ഇത്തരത്തിൽ നഗരസഭയിൽ സി.പി.എം തിരുകിക്കയറ്റിയത്. അഴിമതിയിലും വിവാദങ്ങളിലും കുപ്രസിദ്ധയാണ് മേയർ ആര്യാ രാജേന്ദ്രനെന്ന് ആരോപണമുണ്ട്. . ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പേരിൽ സിപിഎം ഉയർത്തിക്കാട്ടിയ ആര്യാ രാജേന്ദ്രൻ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണെന്ന് മുമ്പേ ആക്ഷേപം ഉയർന്നിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ഏറ്റെടുത്തതു മുതൽ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ്.
തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ചു കൊണ്ടുള്ള മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടൽ ഇതിന് മുമ്പാണ് പുറത്തു വന്നത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയത്. ദേവസ്വം ബോർഡ് കെട്ടിടത്തിൽ തുടങ്ങിയ സ്വകാര്യഹോട്ടലിനായിരുന്നു കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമായിരുന്നു ഇത്. . വെറും നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിക്കുകയും കരാർ പത്രത്തിൽ കണ്ണുംപൂട്ടി മേയർ ഒപ്പിടുകയും ചെയ്തു. ഹോട്ടലുടമ തലസ്ഥാനത്ത് സജീവമായ സി പി എം നേതാവാണ്.
ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രൻ തിരിച്ചെടുത്തതും വലിയ വിവാദമായിരുന്നു. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായി. നടപടി പിൻവലിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശം നൽകിയതോടെ ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, മേയർ പാർട്ടിയുടെ വെറും അടിമയായി മാറി എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവർത്തകരായ ജീവനക്കാർ വെട്ടിച്ചത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു ഇവർ. കുറ്റം ചെയ്തവരെ മേയർ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗൺസിലർമാരും സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കൊറോണാ പ്രതിസന്ധി കാലഘട്ടത്തിൽ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. എന്നാൽ, പൊങ്കാലയ്‌ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്‌ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്. ലോറികൾക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്. അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവവും ഏറെ വിവാദമായിരുന്നു. വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഇല്ലാത്ത അത്രയും അഴിമതികളാണ് നടന്നത്. മേയറുടെയും സിപിഎമ്മിന്റെയും സർക്കാരിന്റെയും അഴിമതി കഥകൾ ഓരോന്നായി പുറത്തു വരുമ്പോൾ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ശക്തമാകുകയാണ്.
ബി ജെ പിയുടെ താലത്തിൽ ആരോപണങ്ങൾ വച്ചുനീട്ടുക എന്ന ശൈലിയാണ് ആര്യാരാജേന്ദ്രൻ പിന്തുടർന്നത്. . സി പി എമ്മിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ആരോപണങ്ങൾ ഒരു യുവ രാഷ്ട്രീയ നേതാവിന് നേരെ ഉയരുന്നത്. സി പി എമ്മിനെ സംബന്ധിച്ച ടത്തോളം മേയർ ആര്യാ രാജേന്ദ്രൻ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. ആര്യാരാജേന്ദ്രനുമായി ബന്ധപ്പെട്ടവർ ഇതിനെ പാർട്ടിയുടെ തലയിൽ വയ്ക്കാനാണ് ശ്രമിക്കുന്നത്
വി ശിവൻ കുട്ടിയുടെ സീറ്റായ നേമത്ത് മത്സരിക്കാനാണ് ആര്യയുടെ ആഗ്രഹം.ശിവൻകുട്ടി ഒരിക്കൽ കൂടി മത്സരിക്കാനുള്ള സാധ്യത കുറവായിരുന്നു . ആര്യയുടെ സ്വദേശം നേമം മണ്ഡലത്തിലാണ്. തിരുവനന്തപുരം കിട്ടിയാലും ആര്യ മത്സരിക്കാൻ സന്നദ്ധയാണ്. അതിനൊന്നും സാവകാശം നൽകാതെ ആര്യയെ തകർക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. സിറ്റിംഗ് എം എൽ എമാരെ വീണ്ടും മത്സരിപ്പിക്കാനാണ് ഇപ്പോൾ സി പി എമ്മിന്റെ തീരുമാനം. വി.ശിവൻകുട്ടിയും നേമത്ത് നിന്നും മത്സരിക്കും. വട്ടിയൂർക്കാവും തിരുവനന്തപുരവും ആര്യക്ക് കിട്ടാൻപോകുന്നില്ല. തന്റെ ഭാവിയെ കുറിച്ച് ആര്യക്ക് തന്നെ ആശങ്കകൾ തോന്നി തുടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ ആര്യയെ പാർട്ടി തേച്ചൊട്ടിച്ചെന്ന് പറയാം.
https://www.facebook.com/Malayalivartha

























