'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..

കോൺഗ്രസ് എംപി ശശി തരൂരും, അദ്ദേഹം പറയുന്ന ചില കാര്യങ്ങളും അത് എല്ലാവർക്കും അത്ര സുഖിക്കാറില്ല . പലപ്പോഴും അതെല്ലാം വലിയ വിവാദമാവുകയും ചെയ്യാറുണ്ട് . ഇപ്പോഴിതാ വീണ്ടും ചെറുതായിട്ട് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് എംപി ശശി തരൂർ.
സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറിയെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തരൂർ പറഞ്ഞു.
തൻ്റെ പരാമർശങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകൾ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസും ഇടതുപാർട്ടികളും ഒന്നിക്കുന്നത് റാഡിക്കൽ സെൻട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് തരൂർ ഇങ്ങനെ സംസാരിച്ചത്. ഹൈദരാബാദില്‍ റാഡിക്കൽ സെൻട്രിസം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
"തന്ത്രപരമായ ക്രമീകരണങ്ങൾ കൂടുതലായി നടത്തിയിട്ടുണ്ട്. സത്യത്തിൽ, ചില കാര്യങ്ങളിൽ, അതിന്റെ ഒരു പ്രത്യാഘാതം എൻ്റെ പാർട്ടി പഴയതിനേക്കാൾ കൂടുതൽ ഒരുതരം ഇടതുപാർട്ടിയായി മാറിയിരിക്കുന്നു എന്നതാണ്. ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്തെ പാർട്ടിയെ നോക്കുകയാണെങ്കിൽ, അതിന്റെ സമീപനം കൂടുതൽ ബോധപൂർവം മധ്യനിലപാടുള്ളതായിരുന്നു എന്ന് വാദിക്കാം. മുൻ ബിജെപി സർക്കാരിന്റെ ചില നയങ്ങൾ അത് കടംകൊണ്ടിരുന്നു," തരൂർ പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കീഴിൽ 1990-കളുടെ തുടക്കത്തിൽ കോൺഗ്രസ് കൊണ്ടുവന്ന നയങ്ങൾ, കുറച്ച് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന ബിജെപി പിന്തുടർന്നുവെന്ന് തരൂർ അനുസ്മരിച്ചു. 1991-നും 2009-നും ഇടയിൽ ഒരു മധ്യനിലപാട് ഘട്ടമുണ്ടായിരുന്നുവെന്നും അതിനുശേഷം ഒരുപക്ഷേ മാറ്റങ്ങൾ വന്നുതുടങ്ങിയെന്ന് വാദിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്ന കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, കോൺഗ്രസ് പഴയതിനേക്കാൾ
കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറിയതായും അത് തന്ത്രപരമായ ക്രമീകരണമാണോ തത്വശാസ്ത്രപരമായ ബോധ്യമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏതായാലും ഈ പറഞ്ഞ കാര്യങ്ങളും എത്രത്തോളം ആളുകളിലാണ് ഇനി പ്രശ്‌നം ഉണ്ടാക്കാൻ പോകുന്നത് എന്നുള്ളത് കണ്ടറിയാം .
https://www.facebook.com/Malayalivartha

























