ശബരിമല സ്വർണക്കൊള്ളയിൽ കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി: പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകി; പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന...

ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്‍റിന്‍റെ മുറിയാണ്. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന നൽകി. പത്മകുമാറിനോട് ചോദ്യം ചെയ്യാനായി ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ബന്ധുവിന്റെ മരണത്തെ തുടർന്ന് രണ്ടുദിവസത്തെ സാവകാശം തേടിയിരുന്നു. ഇത് പൂർത്തിയായ സാഹചര്യത്തിലാണ് ഉടൻതന്നെ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ പങ്ക് സ്ത്രീകരിക്കുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്.
സ്വർണം ചെമ്പാക്കി മാറ്റിയ സംഭവത്തിൽ പത്മകുമാർ കൂട്ടുനിന്നുവെന്നും, സ്വർണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താൻ സഹായിച്ചുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കണ്ടെത്തൽ. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019-ലെ ബോർഡിൻ്റെ മിനിറ്റ്സ് രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. ബോർഡ് അംഗമായിരുന്ന ശങ്കർ ദാസ് ഉൾപ്പെടെയുള്ളവർക്ക് ഈ വിഷയത്തിൽ നിർണായക പങ്കുണ്ടെന്നും, ഇവർ ബോധപൂർവമായാണ് മിനിറ്റ്സിൽ ഒപ്പിട്ടിരിക്കുന്നതെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന സംശയവും നിലവിലുണ്ട്. പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചു എന്നതിന് നേരത്തെ മൊഴികൾ ലഭിച്ചിരുന്നതായും, ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ നിലവിൽ എസ്ഐടിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും എ. പത്മകുമാർ ഇതുവരെ എത്തിയിട്ടില്ല. സമയം പൂർത്തിയായ സാഹചര്യത്തിൽ അന്വേഷണ സംഘം പുതിയ നോട്ടീസ് നൽകാനൊരുങ്ങുകയാണ്. നോട്ടീസിന് ശേഷവും ഹാജരായില്ലെങ്കിൽ പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കാൻ തന്നെയാണ് എസ്ഐടിയുടെ തീരുമാനം.
https://www.facebook.com/Malayalivartha























