ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി നടത്തുമെന്ന് സൂചന...

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ, ക്രിസ്മസ് പരീക്ഷ രണ്ടുഘട്ടം എന്നത് മാറ്റി ഒറ്റഘട്ടമായി നടത്തിയേക്കും. ഹയർ സെക്കൻഡറി ഒഴികെ ക്ലാസുകളിലാണ് ക്രിസ്‌മസ് പരീക്ഷ ഒറ്റഘട്ടമാക്കാൻ ആലോചിക്കുന്നത്.
ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം. അന്തിമ തീരുമാനം ക്യു.ഐ.പി യോഗത്തിനുശേഷമുണ്ടാകും. ക്രിസ്‌മസ് അവധിക്കുശേഷം ജനുവരി അഞ്ചിന് സ്‌കൂൾ തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്‌കൂൾ തുറന്നശേഷം നടത്തും.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് തേടിയിട്ടുണ്ടായിരുന്നു.
അവധിക്ക് മുമ്പും ശേഷവുമായി പരീക്ഷ നടത്തുന്നത് വിദ്യാർഥികളിൽ മാനസിക സമ്മർദമുണ്ടാകാനിടയുണ്ടെന്ന് അഭിപ്രായമുയർന്നതിനാലാണ് തെരഞ്ഞെടുപ്പിനുശേഷം ഒറ്റ ഘട്ടമായി പരീക്ഷ നടത്താൻ ആലോചിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് അർധവാർഷിക പരീക്ഷ. എന്നാൽ, ഡിസംബർ ഒമ്പതിനും 11നും തദ്ദേശ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാൻ നിർബന്ധിതമായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















