ഗ്ലാസിൽ ഇടിച്ച് ശബ്ദമുണ്ടാക്കിയെങ്കിലും ആരും കേട്ടില്ല.... കളിക്കുന്നതിനിടെ കാറിനകത്തു കുടുങ്ങി ഏഴു വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു...

സങ്കടമടക്കാനാവാതെ.....നിർത്തിയിട്ട കാറിനകത്തുനിന്ന് മൃതദേഹം...
കളിക്കുന്നതിനിടെ കാറിനകത്തു കുടുങ്ങി ഏഴു വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. മധുരയ്ക്ക് സമീപത്ത് തിരുമംഗലം നടക്കോട്ട ഗ്രാമത്തിലെ കവിതയുടെ മകൻ ഷൺമുഖവേലാണ് മരിച്ചത്.
ശനിയാഴ്ച രാത്രി മേലാപ്പെട്ടിയിൽ നിർത്തിയിട്ട കാറിനകത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കാറിനുള്ളിൽ കുടുങ്ങി വാതിൽ തുറക്കാനാവാതെ ശ്വാസംമുട്ടി മരിച്ചതാണെന്ന് പോലീസ്.
വ്യാഴാഴ്ച ഷൺമുഖവേൽ അമ്മയോടൊപ്പം ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി മേലപ്പട്ടിയിലെ മുത്തശ്ശിയുടെ വീട്ടിൽ പോയതായിരുന്നു. വൈകുന്നേരം കുട്ടി കളിക്കാനായി പുറത്തുപോയി. മടങ്ങി വരാത്തതുകണ്ട് സമീപപ്രദേശങ്ങളിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുമെന്നാണ് കവിത കരുതിയത്.
വെള്ളിയാഴ്ചയായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനാൽ പേരയൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്ഷേത്രോത്സവത്തിനെത്തിയ വിരുദുനഗർ സ്വദേശിയായ ഒരു ഡോക്ടർ ശനിയാഴ്ച രാത്രി മടങ്ങിപ്പോവാനായി കാർ എടുക്കാൻ ശ്രമിച്ചപ്പോൾ അകത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാറിനുള്ളിൽനിന്ന് പുറത്തുവരാനാവാതെ ഷൺമുഖവേൽ ഗ്ലാസിൽ ഇടിച്ച് ശബ്ദമുണ്ടാക്കി വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ, ഉത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിലെ വാദ്യമേളങ്ങൾക്കിടയിൽ ശബ്ദം പുറത്താരും കേട്ടതേയില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ രാജാജി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























