കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്... രേഖയിൽ കാണാത്ത ഫോൺ സംഭാഷണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹരജി നൽകി...

കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ രേഖയിൽ കാണാത്ത ഫോൺ സംഭാഷണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ ഹർജി നൽകി. അഭിഭാഷക പി.എം. സജിത മുഖേന നൽകിയ ഹർജിയിൽ 19ന് വാദം കേൾക്കും. ജഡ്ജി ടിറ്റി ജോർജാണ് ഹർജി പരിഗണിക്കുന്നത്.
നവീൻ ബാബു കൈക്കുലി വാങ്ങിയെന്ന് ആരോപിച്ച പി. പ്രശാന്തന്റെ 2024 ഒക്ടോബർ ആറ് മുതൽ 14 വരെയുള്ള ഫോൺ സംഭാഷണങ്ങൾ റിപ്പോർട്ടിൽ ഇല്ലായിരുന്നു. അന്നത്തെ വിജിലൻസ് ഓഫിസറുടെ ഫോൺ സംഭാഷണങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. വിജിലൻസ് ഓഫിസറുടെ 2024 ഒക്ടോബർ അഞ്ച് മുതൽ 14 വരെ പ്രതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
കേസന്വേഷിച്ച ഉദ്യോഗസ്ഥനെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർഥിയാക്കിയത് രാഷ്ട്രീയ സ്വാധീനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ: കാണാതായ പങ്കാളിത്ത രേഖ ഹാജരാക്കാനും അതിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനും നിർദ്ദേശിക്കുക, ടി.വി. പ്രശാന്തിന്റെ പൂർണമായ സി.ഡി.ആർ സേവന ദാതാവിൽനിന്ന് നേരിട്ട് ലഭിക്കാൻ നിർദേശിക്കുക, എ.സി.പി രത്‌നകുമാറിന്റെയും ബിനു മോഹന്റെയും പങ്കിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, നീതിയുടെ താൽപര്യാർഥം കോടതിക്ക് ഉചിതവുമാണെന്ന് തോന്നുന്ന മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുക.
കേസിലെ പ്രതിയും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ കോടതിയിൽ ഇന്നലെ ഹാജരായിരുന്നു. 2024 ഒക്ടോബർ 15ന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിലെ മുറിയിലെ ഫാനിൽ കെട്ടിത്തുങ്ങി മരിച്ചനിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























