ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കരയില്‍ അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടില്‍ തങ്കമ്മ (68), മകന്‍ സുനില്‍ (46) എന്നിവരാണ് മരിച്ചത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എത്തിയ അയല്‍വാസിയായ സ്ത്രീയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രി തങ്കമ്മയ്ക്ക് തലവേദനയായിരുന്നതിനാല്‍ ഇവര്‍ വിവരങ്ങള്‍ തിരക്കിയിരുന്നു. രാത്രി വൈകിയും വീട്ടില്‍ ലൈറ്റ് കണ്ട് ഫോണ്‍ ചെയ്തപ്പോള്‍ സുനില്‍ ഫോണ്‍ എടുത്തിരുന്നു. രാവിലെ ക്ഷേത്രത്തില്‍ പോകാന്‍ വിളിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടത്. വീടിന്റെ വാതില്‍ അടച്ചിട്ടില്ലായിരുന്നു. രാവിലെ ഏഴരയോടെ പാല്‍ക്കാരന്‍ വീട്ടിലെത്തിച്ച പാല്‍ സുനില്‍ വാങ്ങിയിരുന്നതായും പറയുന്നു.' അമ്മയെ കൂടെ കൊണ്ടുപോകുന്നു' എന്നാണ് കുറിപ്പിലുള്ളത്.
തങ്കമ്മയുടെ മൂത്ത മകന്‍ അനില്‍ ചെമ്പിലാണ് താമസം. സുനിലും തങ്കമ്മയും മാത്രമായിരുന്നു ഇവിടെ. സുനിലിന്റെ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലായിരുന്നു. കുറച്ച് കാലം ക്ഷേത്രങ്ങളില്‍ പൂക്കള്‍ എത്തിച്ചു നല്‍കിയിരുന്ന സുനില്‍ ഡ്രൈവറായും ജോലി ചെയ്തിരുന്നു. കാന്തല്ലൂരിലുള്ള ഒരാളുമായി ചേര്‍ന്ന് ചില ബിസിനസുകള്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
തങ്കമ്മ ഏറെക്കാലമായി രോഗിയായിരുന്നു. സുനിലിനും ചെറിയ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. വൈക്കം ഡി.വൈ.എസ്.പി പി.എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയത്ത് നിന്ന് ഫോറന്‍സിക് സംഘവും എത്തിയിരുന്നു. മാതാവിനെ കൊലപ്പെടുത്തി സുനില്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തത വരൂ.
https://www.facebook.com/Malayalivartha























