വെളുപ്പിക്കാൻ തേച്ചത്... മുമ്പില്ലാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ് കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല

ഇതുവരെ വിഡി സതീശൻ എന്ന് അറിയപ്പെട്ടത് ആരെ ബോധിപ്പിക്കാനാണ് മേനോൻ കയറി വന്നത്. മുഖ്യമന്ത്രി സതീശനെതിരെ വിമർശനം ശക്തമാകുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് വക്താവ് അനൂപ് വി ആർ. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിൻറെ വാലായി വന്നുവെന്നും അനൂപ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അനൂപിൻറെ വിമർശനം.
എന്തുകൊണ്ട് ഇപ്പോൾ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻൻറെ പേരിൻറെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം. എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിൻറെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. 'അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല' എന്ന് വിഡി സതീശൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്- അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം
VADASSERY RAVEENDRANATH ANOOP എന്ന ഞാൻ.. ട്രോൾ അല്ല. വടശ്ശേരി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അല്ല , എൻ്റേയും കുടുംബപ്പേര് ആണ് ( മലയാളത്തിൽ വടശ്ശേരി എന്നല്ല , വടാശ്ശേരി എന്നും വായിക്കും ) പക്ഷേ, ഞങ്ങൾ മേനോൻ, നായർ , വർമ്മ ഒന്നും അല്ല. തീയ്യ - ഈഴവ ആണ് (ഇതേ കുടുംബപേരുള്ള മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവർ ഈഴവർ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്ളീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവർ മതം മാറിയവർ ആണല്ലോ) എന്തുകൊണ്ട് ഇപ്പോൾ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻൻറെ പേരിൻറെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം.
എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിൻറെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകൻ കെകെ കൊച്ചിനെ സന്ദർശിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർത്ത് പോവുന്നു 'അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല" ഔദ്യോഗിക കൃത്യനിർവഹണത്തിൻറെ തിരക്കുകൾക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്.
അതേസമയം യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാകുന്നു. എംഎൽഎ ആയിരുന്ന സമയത്തുള്ള സത്യപ്രതിജ്ഞ വീഡിയോയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴുള്ള മാറ്റവും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ചില കോണഗ്രസ് നേതാക്കളും സത്യപ്രതിജ്ഞക്കിടെ പേരുപയോഗിച്ചപ്പോൾ ജാതി ചേർത്ത് പറഞ്ഞതിനെതിരെ വിഡി സതീശനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. 24-05-2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ എന്ന ഞാൻ എന്നായിരുന്നു ഉപയോഗിച്ചരുന്നത്. എന്നാൽ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്.
ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമശനം. ഇതിനിടെ കോൺഗ്രസ് നേതാവ് ജിൻറോ ജോൺ വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ് എന്നായിരുന്നു ജിൻറോയുടെ പരാമർശം. ഇന്നലെയും ഇന്നുമായി സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടക്കുന്നുണ്ട്. അതുകൊണ്ടാണ് അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന് ജിൻറോ പറഞ്ഞു.
ജീവിതത്തിലെ അസുലഭമായ ഒരു സാഹചര്യം വന്നപ്പോൾ പിതാവിൻറേ പേര് ഓർത്തതിൽ ഒരു തെറ്റും ഞാൻ പറയുന്നില്ല. അത് അദ്ദേഹത്തിനേ വിശദീകരിക്കാൻ കഴിയൂ. എന്നാൽ ഇതിനെ ചുറ്റിപ്പറ്റി കേരളത്തിൽ വലിയൊരു വാദപ്രതിവാദം നടക്കുന്നുണ്ട്. ജാതി വാലുകൾ ഉപയോഗിക്കുന്നത് ശരിയാണ് എന്ന സംഘപരിവാർ പരിപ്രേഷ്യം വരുന്നു, നേരെ തിരിച്ചുള്ള വാദങ്ങൾ വരുന്നു. സെൻട്രൽ ലെഫ്റ്റ് പൊസിഷനെടുക്കുന്ന കോൺഗ്രസിൻറെ ഐഡിയോളജിച്ച് ചേർന്നതല്ല ജാതിവാൽ പ്രയോഗം എന്നത് ഓർമ്മപ്പെടുത്തിയെന്ന് മാത്രം. ഇത് രഞ്ജിത്തിൻറെ സിനിമയല്ല, കയ്യടിക്ക് വേണ്ടി 'മേനോൻ' ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും താൻ വിഡി സതീശനെ വിമർശിച്ച് പറഞ്ഞതല്ലെന്നും ജിൻറോ പറഞ്ഞു.
അതേസമയം വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലുള്ള തർക്കങ്ങൾക്ക് പരിഹാരമായി മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള 'പമ്പ'യാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ തനിക്ക് വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്. കെ. മുരളീധരന് സാനഡു , എപി അനിൽകുമാറിന് കാവേരി, പി സി വിഷ്ണുനാഥിന് നിള, എം ലിജുവിന് അജന്ത, റോജി എം ജോണിന് ഗ്രേസ്, ടി സിദ്ധിഖിന് ഗംഗ, കെ എ തുളസിക്ക് പ്രശാന്ത്, ബിന്ദു കൃഷ്ണക്ക് തൈക്കാട് ഹൗസ്, ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ് എന്നിങ്ങനെയാണ് അഅനുവദിച്ചത്.
ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലൈന്ത്രസ്റ്റ്, എൻ ഷംസുദീൻ നെസ്റ്റ്, കെഎം ഷാജിക്ക് പൗർണ്ണമി, പികെ ബഷീറിന് ഉഷസ്, വി.ഇ അബ്ദുൽ ഗഫൂറിന് കവടിയാർ ഹൗസ് എന്നീ വസതികൾ അനുവദിച്ചു. മോൻസ് ജോസഫിന് പെരിയാർ, ഷിബു ബേബി ജോണിന് എസ്സെൻഡേൻ, സിപി ജോണിന് റോസ് ഹൗസ് എന്നിങ്ങനെയാണ് ഔദ്യോഗിക വസതികൾ അനുവദിച്ചത്. ഔദ്യോഗിക വസതികൾ സംബന്ധിച്ച ചർച്ചകളിൽ ഒരേ വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തു വന്നിരുന്നു. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ടായിരുന്നു. ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്.
അതേസമയം മുൻ മന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിട്ടങ്ങളിലെല്ലാം അറ്റകുറ്റപ്പണി വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. അതിനായി തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവിറങ്ങുമിറങ്ങി. 3.96 കോടിയാണ് അറ്റകുറ്റപ്പണിക്കായി ചെവവഴിക്കുന്നത്. 135.64 ലക്ഷം രൂപ ക്ലിഫ് ഹൗസ് അറ്റക്കുറ്റപ്പണിയായി ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. സാമ്പത്തിക പരാധീനതയുള്ളതിനാൽ മോടി പിടിപ്പിക്കലൊന്നും വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മോടി പിടിപ്പിക്കാതെ താമസിക്കാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വെച്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡി വൈ എസ് പി ബൈജു പൗലോസായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് സംബന്ധിച്ച് കേരള പൊലീസ് ഉത്തരവിറക്കി. ബൈജു പൗലോസ് അടക്കമുള്ള 6 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കുക. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചതിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. രണ്ടാഴ്ചക്കിടയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റതിന് പിന്നാലെ ഇക്കാര്യത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കവെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
"https://www.facebook.com/Malayalivartha
























