വി.എസിന്റെ വിശ്വസ്തന്‍ പടിയിറങ്ങുന്നു, മൂന്നാര്‍ ഭൂമി കൈയേറ്റത്തിനു നേതൃത്വം നല്കിയ ഐ.പി.എസ് ഓഫീസര്‍ കെ.സുരേഷ് കുമാര്‍ സ്വയം വിരമിക്കാനൊരുങ്ങുന്നു

വി എസ്. മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന കെ.സുരേഷ് കുമാര്‍ സേവനകാലാവധി അവസാനിക്കാന്‍ ഒരുവര്‍ഷത്തിലേറെ ശേഷിക്കേ സ്വയം വിരമിക്കാന്‍ (വി.ആര്‍.എസ്) നോട്ടീസ് നല്‍കി.
ഔദ്യോഗികഭാഷാവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുരേഷ്‌കുമാര്‍ ആറുമാസത്തിലേറെയായി അവധിയിലാണ്. സ്വയംവിരമിക്കല്‍ അടുത്തമാസം ഒന്നിനു നടപ്പാകത്തക്കവിധമാണു കഴിഞ്ഞ ഏപ്രിലില്‍ സുരേഷ്‌കുമാര്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് സ്വാമി സന്ദീപാനന്ദഗിരിയുടെ
നേതൃത്വത്തിലുള്ള സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണു തീരുമാനം.
ഡി.പി.ഇ.പി. ഡയറക്ടറായിരിക്കേ പ്രാഥമികവിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാനൊരുങ്ങിയ പരിഷ്‌കാരങ്ങള്‍ സ്വാമിയുടെ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുകയാണു ലക്ഷ്യം.
കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് വിഎസിന്റെ വിശ്വസ്തനായതു കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അര്‍ഹമായ സ്ഥാനക്കയറ്റം നല്കാന്‍ പോലും വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂലവിധി നേടുകയാണ് ചെയ്തത്.
സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകരാര്‍ പൊളിച്ചെഴുതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതും റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യങ്ങള്‍ക്കു കടിഞ്ഞാണിട്ടതും ഇന്‍ഫോപാര്‍ക് പൊതുമേഖലയില്‍ നിലനിര്‍ത്തിയതും സുരേഷ് കുമാര്‍ ആയിരുന്നു. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കാന്‍ അന്നത്തെ ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി, ഐ.ജിയായിരുന്ന ഋഷിരാജ്‌സിങ് എന്നിവര്‍ക്കൊപ്പം സ്‌പെഷല്‍ ഓഫീസറായിരുന്നതു സുരേഷ്‌കുമാറാണ്.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തു മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സുരേഷ്‌കുമാര്‍, ഭരണകക്ഷികളുടെ പാര്‍ട്ടി ഓഫീസുകളടക്കം പൊളിച്ചുമാറ്റാന്‍ നടപടിയെടുത്തിരുന്നു.വി.എസിന്റെ അനുയായി ആയതു കൊണ്ട് പിണറായി വിജയനും സുരേഷ് കുമാറിനോട് താല്‍പ്പര്യക്കുറവുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വിരമിക്കാന്‍ ഒരുങ്ങുന്നത്.
പുതിയ സര്‍ക്കാര്‍ വന്നാലും കാര്യമായ ജോലിയില്ലാതെ തുടരേണ്ടിവരുമെന്നു മുന്‍കൂട്ടിക്കണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്വയംവിരമിക്കലിനു നോട്ടീസ് നല്‍കിയത്. 1989ല്‍ ഐ.എ.എസ്. ലഭിച്ച സുരേഷ്‌കുമാറിന്റെ സര്‍വീസ് 25 വര്‍ഷം പൂര്‍ത്തിയായതിനാല്‍ സ്വയം വിരമിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.
https://www.facebook.com/Malayalivartha


























