ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍

ഹോര്‍മുസ് കടലിടുക്കില്‍ 3 കപ്പലുകള്‍ക്ക് നേരെ പ്രൊജക്ടൈലുകള്‍ പതിച്ച് കപ്പലിന് തീപിടിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളിലാണ് പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തിര സഹായം നല്‍കുന്നതായി തായ്‌ലന്‍ഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. ഒമാന്‍ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരെ 'രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും' തായ് അധികൃതര്‍ പറയുന്നു.
തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പല്‍ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്‌ലന്‍ഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്. കപ്പലിന് 178 മീറ്റര്‍ നീളവും 30,000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.
ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാന്‍ ഇപ്പോഴും തറപ്പിച്ച് പറയുന്നത്. വടക്കന്‍ ഒമാന്‍ തീരത്തിന് 11 നോട്ടിക്കല്‍ മൈല്‍ അകലെ സ്‌ഫോടനത്തില്‍ കാര്‍ഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാന്‍ തീരത്ത് മറ്റൊരു കാര്‍ഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കല്‍ മൈല്‍ അകലെയും കപ്പല്‍ അപകടത്തില്‍ പെട്ടെന്ന് ഏജന്‍സി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോര്‍ട്ട്. റാസ് അല്‍ ഖൈമ തീരത്തിന് 25 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു കപ്പലും അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇന്ന് മാത്രം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha






















