കാരുണ്യ അട്ടിമറിക്കരുതെന്ന് ഐസക്കിനോട് മാണി

കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ചികിത്സാ സഹായം നല്‍കുന്ന പദ്ധതി അട്ടിമറിക്കരുതെന്ന് മുന്‍ ധനമമന്ത്രി കെ എം മാണി. കാരുണ്യ പദ്ധതി അതു പോലെ തുടരില്ലെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ എം മാണി.
ധനമന്ത്രിയുടെ കാരുണ്യത്തിനുവേണ്ടി ജനങ്ങള്‍ കാത്തു നില്‍ക്കേണ്ടി വരില്ലെന്നാണ് ഡോ. ഐസക് പറഞ്ഞത്. കാരുണ്യ പദ്ധതിയില്‍ നിന്നുള്ള സഹായത്തിന് ആരും ധനമന്ത്രിക്കു മുന്നില്‍ കാത്തുനിന്നിട്ടില്ല. മാനദണ്ഡം അനുസരിച്ച് ധനസഹായം അനുവദിക്കാന്‍ ധനമന്ത്രിയുടെ ഇടപെടലും ആവശ്യമില്ല. എന്നാല്‍ മാനദണ്ഡങ്ങളില്‍ പെടാത്തതും അനുകമ്പ അര്‍ഹിക്കുന്നതുമായ രോഗികള്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുമ്പോള്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കേണ്ടി വരും . ഇതിന് വിദ്ഗ്ദ്ധര്‍ അടങ്ങിയ കമ്മിറ്റിയുണ്ട്. അതിന്റെ അധ്യക്ഷന്‍ മാത്രമാണ് ധനമന്ത്രി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഭാഗ്യക്കുറി എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനായിരുന്നു. ഇന്ന് ഭാഗ്യക്കുറി എന്നാല്‍ കാരുണ്യയാണെന്ന് മാണി പറഞ്ഞു. ഒന്നരലക്ഷം രോഗികള്‍ക്ക് 1500 കോടിയിലേറെ സഹായം നല്‍കിയ കാരുണ്യ മൃതസഞ്ജീവനിയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ ഒറ്റ ബാങ്കാക്കുമെന്ന ഡോ ഐസക്കിന്റെ പ്രസ്താവന വികേന്ദ്രീകരണത്തിനും സഹകരണബാങ്ക് വ്യവസ്ഥകള്‍ക്കും എതിരാണ്. ഇക്കാര്യത്തില്‍ സമഗ്രമായ കൂടിയാലോചന വേണം.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ 14 കൗണ്ടറുകള്‍ ആരംഭിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 30 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ കോടതി സ്റ്റേ കാരണം സമയം നഷ്ടമായി.
കേന്ദ്ര സര്‍ക്കാര്‍ ഇക്കൊല്ലം തന്നെ ജിഎസ്.റ്റി നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം ഒരു പരിധി വരെ അപ്രസക്തമാകും.
ധനവകുപ്പില്‍ ഇ-ഓഫീസ് നടപ്പിലാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്നും കെ എം മാണി പറഞ്ഞു. താന്‍ ധനമന്ത്രി സ്ഥാനം ഒഴിയുന്നതിനുമുമ്പ് 5200 ഫയലുകള്‍ ഇ ഫയല്‍ മുഖേന തീര്‍പ്പാക്കിയിരുന്നു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 30,000 കോടിയുടെ മൂലധന നിക്ഷേപം സമാഹരിക്കുന്നതിന് കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫ്രണ്ട് ശക്തമാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ ആവശ്യത്തിന് കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി ഡോ. ഐസക് പറഞ്ഞത് ഇതിന്റെ ചുവടു പിടിച്ചാണെന്നും കെ എം മാണി പറഞ്ഞു.
വികസനത്തോടൊപ്പം കരുതലിനും യുഡിഎഫ് സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ പ്രാധാന്യം ലഭിച്ചപ്പോഴാണ് റവന്യൂകമ്മിയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായത്. എന്നിരുന്നാലും സര്‍ക്കാര്‍ കടക്കെണിയിലല്ലെന്നും മുന്‍ ധനമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























