വിധിയുടെ വേട്ടയാടലില്‍ പകച്ചൊരു ജീവിതം.... ഏക മകന്റെ ജീവനെടുത്ത മണ്ണിലേക്ക് ഇനിയില്ല; ദുരന്തഭീതി വിട്ടൊഴിയാതെ ജോണി

ജീവിതം ഇനി എങ്ങോട്ടെന്ന ചോദ്യവുമായി മനസ്സുതകര്‍ന്ന ഒരു പിതാവ്. മണ്ണിടിച്ചിലില്‍ പൂര്‍ണമായി തകര്‍ന്ന വീട്.... കൂറ്റന്‍ പാറയ്ക്കടിയില്‍പ്പെട്ട മകന്‍..... കാലിനു ഗുരുതരമായി പരുക്കേറ്റ ഭാര്യ...... ഒരു ഞെട്ടലോടെ മാത്രമേ ജോണിക്ക് ഇവയെല്ലാം ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളു. ബുധനാഴ്ച ഇടുക്കി വാഴവര കൗന്തിക്കു സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഭീതി ഇപ്പോഴും ഇദ്ദേഹത്തെ വിട്ടൊഴിഞ്ഞിട്ടില്ല. അപകടത്തില്‍ മകന്‍ ജോബി മരിക്കുകയും ഭാര്യ ചിന്നമ്മയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രാവിലെ ആറോടെ കൂറ്റന്‍പാറ ഇവരുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
പാതി മയക്കത്തിലായിരുന്നു ജോണി. അടുക്കളയില്‍ ഭാര്യ ചിന്നമ്മ കാപ്പി തിളപ്പിക്കുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തില്‍ ഇടി മുഴങ്ങി. ഓടിക്കോ എന്ന് ഭാര്യ വിളിച്ചുപറഞ്ഞതായി ജോണി ഓര്‍ക്കുന്നു. വീടിനു പുറേത്തേക്കാടിയ ജോണിക്ക് ഒരു നിമിഷം കണ്ണില്‍ ഇരുട്ട് ബാധിച്ചു. തിരിഞ്ഞുനോക്കുകള്‍ വീടു പൂര്‍ണമായി തകര്‍ന്നുകിടക്കുന്നു. ഒന്നുറക്കെ കരയാന്‍ പോലും കഴിഞ്ഞില്ല. മകന്‍ ജോബി പാറയ്ക്കടിയിലായിരുന്നു.
കാലുകളും കൈകളും മാത്രമാണ് പുറത്തുകണ്ടത്. കൈകള്‍ക്ക് ചെറിയ അനക്കമുള്ളതായി തോന്നിയതായി എഴുപത്തിയൊന്നുകാരനായ ജോണി ഓര്‍ക്കുന്നു. അടുത്ത വീട്ടിലെത്തി വിവരമറിയിച്ചതോടെയാണ് ദുരന്തം പുറംലോകമറിയുന്നത്.
ഓടിയെത്തിയ നാട്ടുകാര്‍ പരുക്കേറ്റുകിടക്കുന്ന ചിന്നമ്മയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് ഓടി. പിന്നീട് മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജോബിയുടെ മൃതദേഹം പുറത്തെടുത്തത്.
അപകടനില തരണം ചെയ്‌തെങ്കിലും എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ചിന്നമ്മ. ഏക മകന്‍ മരിച്ച വിവരം ഇപ്പോഴും ഇവര്‍ അറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ മണ്ണിടിച്ചില്‍ ജോണിക്ക് അപകടം സംഭവിച്ചിരുന്നു.
ഈ സംഭവത്തിനു ശേഷമാണ് മേട്ടുകുഴിയിലെ പുതിയ വീടിന്റെ നിര്‍മാണം വേഗത്തിലാക്കിയത്. വീടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മകന്റെ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
നേരത്തെ ജോബിയും ഉറ്റ സുഹൃത്ത് മടയ്ക്കല്‍ ബിജുവുമായി ചേര്‍ന്ന് കട്ടപ്പനയില്‍ പ്രസ് തുടങ്ങാനും പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ജോണി രോഗബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായതോടെ വീടിന്റെ ജോലികളും പ്രസ് തുടങ്ങാനുള്ള ശ്രമവും മുടങ്ങി. അടുത്തയാഴ്ച പരിശോധനയ്ക്കായി ജോണിയെ ആശുപത്രിയില്‍ കൊണ്ടുപോകാനിരിക്കെയാണ് ദുരന്തം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണിയുടെ സഹോദരങ്ങളായ മാത്യു(കുട്ടിയച്ചന്‍) അസുഖം ബാധിച്ചും ബേബി വാഹനാപകടത്തിലും മരിച്ചിരുന്നു.
ജോണി ഇപ്പോള്‍ സഹോദരപുത്രനായ മിന്റുവിന്റെ മേട്ടുക്കുഴിയിലെ വീട്ടിലാണ് കഴിയുന്നത്. എക മകന്റെ ജീവന്‍ പൊലിഞ്ഞ ആ മണ്ണിലേക്ക് ഇനി തിരിച്ചുപോകില്ലെന്നും നിറകണ്ണുകളോടെ ജോണി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























