സ്ഥാനചലനം സംഭവിച്ചതില്‍ പ്രതിഷേധിച്ച് സെന്‍കുമാറിന്റെ അനിശ്ചിതകാല അവധി തുടരുന്നു; പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നയിക്കാന്‍ ആളില്ല

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനേത്തുടര്‍ന്നു സ്ഥാന ചലനം സംഭവിച്ച ടിപി സെന്‍കുമാര്‍ ഐപിഎസിന്റെ അനിശ്ചിതകാല അവധി തുടരുന്നു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ ഡിജിപി ടിപി സെന്‍കുമാര്‍ പുതിയ ചുമതലയേല്‍ക്കാതെയാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന്, അദ്ദേഹം മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കേണ്ട പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തലവനില്ലാതെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച അവസ്ഥയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു.
കോര്‍പ്പറേഷന്റെ കീഴില്‍ നടക്കേണ്ട നിരവധി പ്രവര്‍ത്തനങ്ങളാണ് നിലച്ചിരിക്കുന്നത്. എംഡിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണു പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍.
എംഡി ഒപ്പിടാത്തതിനാല്‍ കൊടുത്ത ബില്ലുകളോ പുതിയ ടെന്‍ഡറുകളോ പാസാക്കാന്‍ കഴിയുന്നില്ലെന്നു കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ പരാതിപ്പെട്ടു. പുതിയ പ്രവര്‍ത്തനങ്ങള്‍ നിര്‍മാണങ്ങള്‍ ആരംഭിക്കണമെങ്കിലോ നിലവില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു പോവണമെങ്കിലോ സെന്‍കുമാര്‍ ചുമതലയേല്‍ക്കുകയോ അല്ലെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുകയോ ചെയ്യണമെന്നു ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.നേരത്തേ മുന്‍ മാനേജിങ് ഡയറക്ടര്‍ ജേക്കബ് തോമസ് എംഡിയായിരുന്ന കാലത്ത് അനുമതി നല്‍കിയിരുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
പോലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണു സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചത്. ഇതിനിടെ, തന്നെ മാറ്റിയതിനെതിരേ അദ്ദേഹം നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളുകയും ചെയ്തു.
https://www.facebook.com/Malayalivartha