മോഹനന്‍ വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം വാളാങ്കിച്ചാലിലെ കെ.മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത വേങ്ങാട് കുരിയോട്ടെ അരയടത്ത് ഹൗസില്‍ രാഹുല്‍ (24), കുരിയോട്ടെ രാജീവത്തില്‍ രൂപേഷ് (25) എന്നിവരെ കേസന്വേഷണ ചുമതലയുള്ള പാനൂര്‍ സിഐ കെ.എസ്.ഷാജി അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. ഇവരെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി പാതിരിയാട് എംഒപി റോഡിലെ നവജിത്ത് നിവാസില്‍ നവജിത്തി(26)നെ ഇന്നലെ വൈകിട്ട് സിഐ കെ.എസ്.ഷാജിയും സംഘവും വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു.
ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. മൂന്നാഴ്ച മുന്‍പു സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ നവജിത്ത് ചികിത്സയിലായിരുന്നു. അറസ്റ്റിലായ രാഹുലും രൂപേഷും ബൈക്കില്‍ സഞ്ചരിച്ചു കൊലയാളി സംഘത്തിനു വഴി കാട്ടിക്കൊടുത്തു എന്ന കുറ്റം ചുമത്തിയാണു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. വാനിലെത്തിയ സംഘമാണു മോഹനന്‍ ജോലിചെയ്യുന്ന വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കടന്നു വെട്ടിക്കൊലപ്പെടുത്തിയത്. സംഭവസമയത്ത് കള്ളുഷാപ്പിലുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കെ.അശോകന്‍ അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടേറ്റ പരുക്കുകളോടെ ചികിത്സയിലാണ്.
ഈ സമയം ഷാപ്പിലുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചാമ്പാട്ടെ കെ.ദിനേശന്റെ മൊഴിപ്രകാരമാണ് രൂപേഷിനും രാഹുലിനും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കും എതിരെ പൊലീസ് കേസെടുത്തത്. ഇതിനു പുറമെയാണു ഗൂഢാലോചന കുറ്റം ചുമത്തി നവജിത്തിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെ കണ്ടെത്താനും കൊലയാളി സംഘം സഞ്ചരിച്ച വാഹനം തിരിച്ചറിയുന്നതിനും പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ്.
https://www.facebook.com/Malayalivartha

























