'ഞങ്ങളെ കൊണ്ട് അത് ചെയ്യിപ്പിച്ചവരും മനുഷ്യരല്ലേ'; കള്ളക്കേസില്‍ പൊലീസ് ഭീഷണിപ്പെടുത്തി രണ്ട് സെന്റിലെ കൂര വിറ്റ വൃദ്ധമാതാവ് ചോദിക്കുന്നു

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പോലീസ് ഇപ്പോഴും ഉണ്ട്.
''ഞങ്ങള്‍ പാവപ്പെട്ടവരാണ്, ജയിലില്‍ കിടക്കാന്‍ പേടിയായതു കൊണ്ടാണ് കണ്ടിട്ടു കൂടി ഇല്ലാത്ത ഇത്രയും വലിയ തുക, ആകെ ഉണ്ടായിരുന്ന വീട് വിറ്റ് നല്‍കിയത്. ആരേയും കുറ്റപ്പെടുത്തുകയോ, പരാതി പറയുകയോ ചെയ്യുന്നില്ല. പക്ഷേ, ഞങ്ങളെ കൊണ്ട് അത് ചെയ്യിപ്പിച്ചവരും മനുഷ്യരല്ലേ... കഴിഞ്ഞ ഒരു മാസം ഞങ്ങള്‍ അനുഭവിച്ച വേദനയ്ക്ക് ദൈവം സാക്ഷിയുണ്ടായിരുന്നു. അതു കൊണ്ടാണ്, യഥാര്‍ത്ഥ കള്ളനെ പിടിക്കാന്‍ കഴിഞ്ഞതും കാര്യങ്ങളുടെ സത്യാവസ്ഥ എല്ലാവര്‍ക്കും മനസ്സിലായതും.''
കഴിഞ്ഞ ദിവസം വരാപ്പുഴയില്‍ നടന്ന, മോഷണക്കേസില്‍ കടയുടമയും പൊലീസും ചേര്‍ന്ന് കുറ്റമാരോപിച്ച് സ്വന്തം വീടും പറമ്പും വില്‍ക്കേണ്ടി വന്ന വൃദ്ധമാതാവിന്റെ വാക്കുകളാണിത്.
യഥാര്‍ത്ഥ കള്ളനെ പിടികൂടിയപ്പോള്‍ വൃദ്ധയുടെ പകല്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കി കട ഉടമയും പൊലീസും കേസില്‍ നിന്ന് തടിയൂരി. നഷ്ടങ്ങള്‍ എല്ലാം ഉണ്ടായത് ഒന്നും അറിയാതെ 'കള്ളി' എന്ന പഴി ചുമത്തപ്പെട്ട രാധയ്ക്കും കുടുംബത്തിനുമാണ്. രണ്ട് സെന്റ് സ്ഥലത്തെ ഒറ്റ മുറി വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് വ്യാജകേസ് മൂലം നഷ്ടപ്പെടുത്തിയത് ജീവിതം തള്ളി നീക്കാന്‍ ആകെയുണ്ടായിരുന്ന വീട്ടു ജോലിയാണ്. വരാപ്പുഴയിലെ ചിറയ്ക്കകം ഭഗവതിപ്പറമ്പ് പരേതനായ മണിയുടെ ഭാര്യ രാധയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
കടയില്‍ നിന്ന് മോഷണം പോയ പണം വീട് വിറ്റാലും നല്‍കണമെന്ന പൊലീസിന്റെ നിര്‍ബന്ധത്തില്‍ വില്‍പന കരാര്‍ എഴുതിയ ഇവരുടെ വീട് തിരികെ ലഭിച്ചില്ലായിരുന്നുവെങ്കിങ്കില്‍, തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയായിരുന്നു ഈ കുടുംബത്തിന്. ഇവരുടെ നിരപരാധിത്വം പുറത്തു വന്നതോടെ നാട്ടുകാര്‍ ഇടപ്പെട്ട് കൂടുതല്‍ പണം നല്‍കി കരാര്‍ റദ്ദാക്കി. ഒരു മാസത്തിലേറെയായി താനും കുടുംബവും അനുവഭിക്കേണ്ടി വന്ന വേദന പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണെന്ന് രാധ പറയുന്നു. ജോലിക്ക് പോകുന്ന പല വീടുകളിലും ഇനി വരേണ്ടതില്ലെന്ന് പറഞ്ഞതോടെ ജീവിതം മുന്നോട്ട് കൊണ്ടു പോവാന്‍ ഇനി എന്ത് എന്ന ചോദ്യമാണ് ഈ വൃദ്ധമാതാവിന്റെ മുന്‍പിലുള്ളത്.
എന്റെ മകന് നാണക്കെടുണ്ടാക്കുന്ന ഒരു കാര്യവും ഞാന്‍ ചെയ്യില്ലെന്ന് പൊലീസുകാരോട് ആവര്‍ത്തിച്ച പറഞ്ഞതാണ്. പക്ഷേ അവര്‍ എന്നെ വിശ്വസിച്ചില്ല. ഇത്രയും കഷ്ടപാട് ഉണ്ടായിട്ടും ഈ പ്രായത്തിലും പല വീടുകളിലും ജോലി ചെയ്താണ് ഞാന്‍ എന്റെ കുടുംബം പുലര്‍ത്തുന്നത്. ഈ കഴിഞ്ഞ ഒരു മാസം ഞാനും കുടുംബവും അനുഭവിക്കുന്ന വേദന ദൈവത്തിനു മാത്രമേ അറിയൂ. എന്റെ കൊച്ചു മകള്‍ക്ക് സ്‌ക്കൂളില്‍ പോവാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ സത്യം പുറത്ത് വന്നത്. ഇല്ലെങ്കില്‍, എന്റെ കുടുംബത്തിന് തന്നെ പേരു ദോഷം വരുമായിരുന്നു. പത്രത്തില്‍ എല്ലാം പടം വന്നപ്പോള്‍ ജോലിക്ക് പോയിരുന്ന വീടുകളില്‍ ഇനി വരേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി എങ്ങനെ ജീവിക്കും എന്ന തന്നെ അറിയില്ല.
ഞങ്ങള്‍ പാവപ്പെട്ടവരാണ്, അവര്‍ക്ക് പണവും അറിവും എല്ലാം ഉണ്ട്, അവരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു. അമ്മയ്ക്ക് 70 വയസ്സായി എന്നിട്ടും ജോലിക്ക് വീടുന്നത് വീട്ടിലെ നിവര്‍ത്തി കെടുകൊണ്ടാണ്. ഏറെ കഷ്ടപാട് ഉണ്ടെങ്കിലും മറ്റൊരാളുടെ പണം മോഷ്ടിച്ച് ജീവിക്കാന്‍ പഠിച്ചിട്ടില്ല. കടയില്‍ മോഷണം പോയ സംഭവവുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ല എന്ന് പലവട്ടം പൊലീസുകാരോട് പറഞ്ഞു. അവര്‍ വീട്ടില്‍ വന്ന് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നിട്ടും പണം തിരികെ നല്‍കണം എന്ന് അവര്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടത്തുകയും ചെയ്തു. എടുക്കാത്ത പണം എങ്ങനെ ഞങ്ങള്‍ നല്‍കും എന്ന് ചോദിച്ചപ്പോള്‍, വീട് വിറ്റിട്ടാണെങ്കിലും പണം നല്‍കണം അല്ലെങ്കില്‍, അമ്മയെ പിടിച്ച് ജയിലിലടയ്ക്കും കോടതിയില്‍ കയറ്റും എന്ന് എല്ലാം പറഞ്ഞപ്പോള്‍ പേടിച്ചിട്ടാണ് വീട് വിറ്റായാലും പണം നല്‍കാം എന്ന് സമ്മതിച്ചത്.
കേസിന് ആധാരമായ സംഭവം നടന്നത് ഇങ്ങനെ:
എഴുപതാം വയസിലെ ശാരീരിക അസ്വസ്ഥതകളെ മറന്നു കൊണ്ട് വീട്ടുപണി ചെയ്താണ് രാധ ഉപജീവനം നടത്തുന്നത്. ക്ഷീണം വരുമ്പോള്‍ പല സ്ഥലത്തും കടവരാന്തയിലും വിശ്രമിക്കുക പതിവാണ്. ഒരുമാസം മുമ്പ് വരാപ്പുഴയിലെ ഡേവിസണ്‍ തിയറ്ററിന് സമീപമുള്ള ഇരുമ്പു കടയില്‍ നിന്ന് 37,000 രൂപ നഷ്ടപ്പെട്ടെന്ന പരാതി പൊലീസില്‍ ലഭിച്ചുരുന്നു. സംഭവം നടന്ന ദിവസം രാധ അവിടെ ചേന്നിരുന്നതായും അവരാണ് പണം മോഷ്ടിച്ചത് എന്ന് സംശയമുണ്ടെന്നും കട ഉടമ മൊഴി നല്‍കിയതോടെ കേസ് വൃദ്ധയ്ക്ക് നേരെ തിരിയുകയായിരുന്നു. ഇതേത്തുടര്‍ന്ന്, കടയുടമയും വരാപ്പുഴ പൊലീസും രാധയുടെ വീട്ടില്‍ എത്തി പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപവാസികളോട് അന്വേഷിച്ചപ്പോള്‍ ഇവര്‍ അത്തരത്തിലുള്ളവരല്ലെന്നാണ് പൊലീസില്‍ മൊഴി നല്‍കിയത്.
എന്നിട്ടും, കടയുടമയുടെ സംശയത്തിന്റെ മാത്രം വെളിച്ചത്തില്‍ കാര്യമായ ഒരന്വേഷണവും കൂടാതെ ഇവര്‍ തന്നെയാണ് പ്രതി എന്ന് പൊലീസ് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് ഇവരോട് പിറ്റേദിവസം വരാപ്പുഴ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഏകമകന്‍ ഗണേശനും മകന്റെ ഭാര്യയുമൊന്നിച്ച് രാധ സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലെത്തിയ ഇവരെ വൈകുന്നേരം വരെ സ്‌റ്റേഷനില്‍ ഇരുത്തുകയും നിര്‍ബന്ധപൂര്‍വം കുറ്റം സമ്മതിപ്പിക്കുകയാണുണ്ടായത്. വീട് വിറ്റായാലും പണം നല്‍കണമെന്നും പണം തിരികെ നല്‍കിയില്ലെങ്കില്‍ കോടതി കയറ്റുമെന്ന് ഭീക്ഷണി പെടുത്തിയതിനെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ രാധ തന്റെ പൊളിഞ്ഞുവീഴാറായ രണ്ടുസെന്റ് വീടും സ്ഥലവും വില്‍ക്കാന്‍ കരാര്‍ എഴുതി. മുന്‍കൂറായി 50,000 രൂപയില്‍ നിന്നും കടയുടമ ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കാന്‍ വീടും സ്ഥലവും വിറ്റ് കരാര്‍ എഴുതിയതിനുപിന്നാലെ യഥാര്‍ഥ മോഷ്ടാവ് പിടിയിലായത്. വരാപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ സി.എസ്. ഷാരോണിന്റെ നിര്‍ദ്ദേശ പ്രകാരം കടയുടമയാണ് രാധയ്ക്ക് പണം തിരികെ നല്‍കിയത്.
രാധയും മകനും കൂലി പണിക്കു പോയി കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞത്. എന്നാല്‍ കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ഉണ്ടായിരുന്ന ജോലിയും പോയി. അപമാനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് രാധ വീടും പറമ്പും വില്‍ക്കാന്‍ കരാര്‍ എഴുതി പണം പൊലീസില്‍ ഏല്‍പ്പിച്ചത്.
പിന്നീട്, ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് പറവൂര്‍ പൊലീസ് ഒരു പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ വരാപ്പുഴ ഇരുമ്പുകടയില്‍ നിന്നും ഇതു പോലെ മോഷണം നടത്തിയതായി അയാള്‍ ഏറ്റുപറഞ്ഞു. മോഷ്ടാവിനെ തെളിവെടുപ്പിനായി കടയില്‍ കൊണ്ടുവന്നത്തോടെ പൊലീസ് വെട്ടിലായി. നിരപരാധിയായ വൃദ്ധയോടു വീടു വില്‍ക്കാന്‍ പറഞ്ഞ വരാപ്പുഴ എഎസ്‌ഐ ക്ലീറ്റസ്സ് രണ്ടുദിവസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചു.
വസ്തു വാങ്ങിയ ശിവനില്‍ നിന്നും കരാര്‍ പത്രം തിരിച്ചു കൊടുപ്പിച്ചു
അന്വേഷണ പിഴവു മൂലമാണ് നിരപരാധിയായ വൃദ്ധമാതാവിന് ദുരിതം അനുഭവിക്കേണ്ടി വന്നതെന്ന് തിരിച്ചറിഞ്ഞ് പൊലീസ് തന്നെ ഇവരെ സഹായിക്കാന്‍ രംഗത്തേത്തിയിട്ടുണ്ട്. ആലുവ ഡിവൈഎഫ്‌ഐ കെ.ബാബുകുമാര്‍ നേരിട്ട് എത്തി ഇവര്‍ക്ക് സഹായം വഗ്ദാനം ചെയ്തിട്ടുണ്ട്.
സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് നടന്നത്. രാധയുടെ വീടും പറമ്പും വില്‍പനയ്ക്കായി കരാറെഴുതിയ ആളെ നേരിട്ടു കണ്ട് കൂടുതല്‍ പണം നല്‍കി കരാര്‍ റദ്ദാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സഹകരണത്തില്‍ രാധയുടെ വീട് പുതുകി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോകും.
റൂറല്‍ ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍
ഇത്രയും പ്രായമായ ഈ സ്ത്രീക്ക് അങ്ങനെ ഒരു അവസ്ഥ ഉണ്ടായത് നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ്. ഇവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് രാധ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. പലരും അവര്‍ക്ക് സഹായ വഗ്ദാനം നല്‍കിയിട്ടുണ്ട്. അവരുടെ വീട് പുതുകി പണിയാനുള്ള സഹായം നല്‍കും.
ഗീത മോഹന്‍, വാര്‍ഡ് അംഗം
രാധയ്ക്കും കുടുംബത്തിനും ധനസഹായം നല്‍ക്കുന്നതിനായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, വാര്‍ഡ് അംഗം ഗീത മോഹന്‍ എന്നിവരുടെയും രാധയുടെയും പേരില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വരാപ്പുഴ ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ : 72702010004148 ifc cubin0570273
https://www.facebook.com/Malayalivartha


























