ഡ്യൂട്ടി മാറ്റി നല്‍കിയില്ല; കണ്ടക്ടര്‍ ഡിടിഒയ്ക്കു മുന്നില്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു

കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടി മാറ്റിനല്‍കാത്തതില്‍ പ്രതിഷേധിച്ചു ഡിടിഒയ്ക്കു മുന്നില്‍ ബ്ലേഡ് കൊണ്ടു കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. എംപാനല്‍ കണ്ടക്ടര്‍ ഷൈന്‍ലാലാണ് ആത്മഹത്യാശ്രമം നടത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഷൈന്‍ലാല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ആറു മാസത്തിലൊരിക്കല്‍ ഷെഡ്യൂള്‍ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഡ്യൂട്ടി മാറ്റിനല്‍കാറുണ്ട്. അങ്ങനെയാണത്രെ നെയ്യാറ്റിന്‍കര- എടത്വാ ബസിലെ കണ്ടക്ടറായി ഷൈന്‍ലാലിനെ പോസ്റ്റ് ചെയ്തത്.
അച്ഛനും അമ്മയും രോഗികളായതിനാല്‍ ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നു ഷൈന്‍ലാല്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഒരു ഡ്യൂട്ടിയെങ്കിലും ചെയ്തിരിക്കണമെന്നും അതു കഴിഞ്ഞു പരിശോധിക്കാമെന്നും അധികൃതര്‍ അറിയിച്ചു. അതില്‍ തൃപ്തനാകാതെ ഷൈന്‍ലാല്‍ ഡ്യൂട്ടിക്കു പോയില്ല. ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ എത്തിയ ഷൈന്‍ലാല്‍ ആവശ്യം ആവര്‍ത്തിച്ചു. മാറ്റിയ ക്രമമനുസരിച്ച് ഒരു ഡ്യൂട്ടിയെങ്കിലും ചെയ്തിരിക്കണമെന്ന മറുപടി വീണ്ടും ഡിടിഒയില്‍ നിന്ന് ഉണ്ടായി. തുടര്‍ന്നു പുറത്തുപോയി ഷേവിങ് ബ്ലേഡുമായി വന്ന ഷൈന്‍ലാല്‍ ഡിടിഒയുടെ മുന്നിലെത്തി കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























