രാധാകൃഷ്ണനെതിരേ കേസെടുക്കും

വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേരു പരസ്യമായി വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനെതിരേ കേസെടുക്കും. പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പിയും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ തൃശൂര്‍ കമ്മിഷണര്‍ക്കു ഉത്തരമേഖലാ എ.ഡി.ജി.പി: സുധേഷ് കുമാര്‍ നിര്‍ദേശം നല്‍കി.
സ്ത്രീപീഡനക്കേസുകളില്‍ ഇരയുടെ പേരു വെളിപ്പെടുത്താന്‍ പാടില്ലെന്നു സുപ്രീം കോടതി വിധിയുണ്ട്. സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് പീഡനക്കേസിലെ ഇരയുടെയും ഭര്‍ത്താവിന്റെയും പേരു പറഞ്ഞത്. മാത്രമല്ല, പേരു പറഞ്ഞതിനെ അടുത്ത വാചകത്തില്‍തന്നെ അദ്ദേഹം ശക്തിയായി ന്യായീകരിക്കുകയും ചെയ്തു.
പ്രതിയുടെ പേരു പറയാമെങ്കില്‍ സ്ത്രീയുടെയും ഭര്‍ത്താവിന്റെയും പേരു പറഞ്ഞാല്‍ എന്തുകുഴപ്പമെന്നാണ് അദ്ദേഹം ചോദിച്ചത്. അതുകൊണ്ടുതന്നെ ഇരയുടെ പേര് അബദ്ധത്തില്‍ പറഞ്ഞതല്ല, മനഃപൂര്‍വം പറഞ്ഞതാണെന്നാണു പോലീസിനു ലഭിച്ച നിയമോപദേശം. ഇന്ത്യന്‍ ശിക്ഷാനിയമം 228 (എ) അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനാണു തീരുമാനം. നേരത്തെ കെ.രാധാകൃഷ്ണനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ പരാതിയുമായി ഡി.ജി.പിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























